വടകര: സ്വർണക്കടത്ത്കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ് കാണുന്നതെന്നും ഇതിന് പിന്നിൽ ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിനെ സംശയിക്കേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡൽഹിയിൽ വെച്ച് അവർ തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ട്. ശിവശങ്കർ പുറത്ത് വരാനിരിക്കുകയാണ്, എങ്ങനെയാണ് അദ്ദേഹം കേസിൽ നിന്നും രക്ഷപ്പെടുന്നത് എന്ന് കേരള പൊതു സമൂഹം ചിന്തിക്കണമെന്നും മുല്ലപ്പള്ളി വടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ട്. പക്ഷെ ദൗർഭാഗ്യവശാൽ കേസ് മുന്നോട്ട് പോവാത്ത അവസ്ഥയാണുള്ളത്. അന്വേഷണം മരവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പറയുന്നത് അനുസരിക്കുക എന്നതാണ് ഞാൻ ചെയ്യുന്നത്. പാർട്ടി ഇപ്പോൾ ആവശ്യപ്പെടുന്നത് കോൺഗ്രസ് പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോവുക എന്നതാണ്. ബാക്കി കാര്യങ്ങളെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. മറിച്ചുള്ള വാർത്തകളെല്ലാം അസത്യമാണെന്നും അദ്ദേഹം പറഞ്ഞു.മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. ഉമ്മൻചാണ്ടി എവിടെ നിന്നാലും വിജയിച്ചു കയറും. അതിൽ കോൺഗ്രസ് പാർട്ടിക്ക് സംശയമില്ല. കോൺഗ്രസ് വിജയിച്ചാൽ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന പ്രചാരണമുണ്ടല്ലോയെന്ന ചോദ്യത്തിന് എല്ലാം മാധ്യമ സൃഷ്ടിയാണെന്നും അങ്ങനെയുള്ള ചർച്ചയൊന്നും നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടി മത്സരിക്കണോ എം.പി സ്ഥാനം രാജിവെക്കണോയെന്ന കാര്യത്തിലെല്ലാം തീരുമാനം എടുക്കേണ്ടത് ലീഗാണ്. അതിൽ കോൺഗ്രസ് ഇടപെടുന്നില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി
Post a Comment