തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച നവജാത ശിശു മരിച്ചു. 56 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ മരിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയും അമ്മയും മൊഴി നൽകിയിരിക്കുന്നത്.
സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. പ്രണയം നടിച്ച് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച അയൽവാസി പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടി ഇക്കാര്യം മറച്ചുവെച്ചു. പിന്നീട് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയൽവാസിയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുക്കുകയായിരുന്നു.
എന്നാൽ ഇതുവരെ ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഒളിവിൽ പോയ ഇയാൾക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Post a Comment