അയല്‍വീട്ടിലെ വഴക്കന്വേഷിക്കാന്‍ ചെന്നയാളെ കുത്തിക്കൊന്നു

തൃപ്രയാര്‍: അയല്‍വീട്ടിലെ വഴക്കുകേട്ട്‌ അന്വേഷിക്കാന്‍ ചെന്നയാളെ കുത്തിക്കൊന്നു.
ഏങ്ങണ്ടിയൂര്‍ ആശാന്‍ റോഡ്‌ വലാപുരയ്‌ക്കല്‍ അപ്പുവിന്റെ മകന്‍ ജോഷി (51) യാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ പുതുവീട്ടില്‍ സനത്‌ എന്നയാള്‍ക്കെതിരേ പോലീസ്‌ കേസെടുത്തു. വലപ്പാട്‌ കോതകുളം പടിഞ്ഞാറ്‌ ഇല്ലിക്കുഴി പള്ളിത്തറ കോളനിയില്‍ വ്യാഴാഴ്‌ച രാത്രിയാണ്‌ സംഭവം.
സുഖമില്ലാതിരിക്കുന്ന ഭാര്യയുടെ വിവരം അറിയാനായി അവരുടെ വീട്ടില്‍ എത്തിയതായിരുന്നു ജോഷി. ഈസമയം സനതിന്റെ വീട്ടില്‍ വഴക്കുകേട്ട്‌ അന്വേഷിക്കാന്‍ പോയി. കാര്യം തിരക്കിയ ജോഷിയെ സനത്‌ കുത്തി വീഴ്‌ത്തുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.
പരുക്കേറ്റ ജോഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി ലഹരിക്ക്‌ അടിമയാണെന്നും ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ ഉണ്ടെന്നും പോലീസ്‌ പറയുന്നു.
സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ അന്തിക്കാട്‌ പോലീസ്‌ പിടികൂടി വലപ്പാട്‌ പോലീസിനു കൈമാറിയതായാണ്‌ സൂചന. അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ജോഷിയുടെ ഭാര്യ ബിന്ദു. മക്കള്‍: ഹരി, ഹരിത.

Post a Comment

Previous Post Next Post