കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ നയങ്ങള്‍; രാഹുല്‍ മാപ്പ് പറയണം - പിണറായി


തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 1990 കളിൽ കോൺഗ്രസ് നടപ്പാക്കിയ നവ ഉദാരവത്കരണ നയങ്ങളെത്തുടർന്നാണ് ലോകത്തെ ഞെട്ടിച്ച രീതിയിൽ ഇന്ത്യയിൽ കർഷക ആത്മഹത്യകൾക്ക് തുടക്കം കുറിച്ചതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽപറഞ്ഞു. ആത്മഹത്യ ചെയ്ത ലക്ഷക്കണക്കിന് കർഷകരുടെ രക്തം കോൺഗ്രസിന്റെ കൈകളിൽ പുരണ്ടിട്ടുണ്ട്. കോൺഗ്രസിനുവേണ്ടി രാഹുൽ കർഷകരോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ കേരളത്തിൽ വരികയും അസാധാരണ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. കർഷകർക്കുവേണ്ടി അദ്ദേഹം ട്രാക്ടർ ഓടിക്കുകയും മത്സ്യത്തൊഴിലാളികൾക്കു വേണ്ടി കടലിൽ നീന്തുകയും ചെയ്യുന്നു. കേരളത്തോട് അദ്ദേഹം കാണിക്കുന്ന പ്രത്യേക താത്പര്യത്തിന് നന്ദി. എന്നാൽ ഡൽഹിയിലെ കർഷക സമര വേദിയിൽ ഇതുവരെ 70 ഓളം പേർ മരിച്ചുവെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തത്. രാജ്യത്തെ മുഴുവൻ പിടിച്ചുലച്ച കർഷക സമരത്തെ പാടേ അവഗണിച്ചുകൊണ്ടാണ് രാഹുൽ കേരളത്തിൽവന്ന് കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം മൂന്ന് ലക്ഷം കർഷകരാണ് 90കൾ മുതൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യകൾ ഇന്നും തുടരുന്നു. കോൺഗ്രസിന്റെ അജണ്ടകളാണ് ഇന്നും തുടരുന്ന ആത്മഹത്യകൾക്ക് കാരണം. കോൺഗ്രസിന്റെ നയങ്ങൾമൂലം അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിൽ എന്താണ് സംഭവിച്ചതെന്ന് എങ്കിലും അദ്ദേഹം അന്വേഷിക്കണം. വയനാടിന്റെ നട്ടെല്ലായ കാപ്പി, കുരുമുളക് കൃഷികൾ എങ്ങനെ തകർന്നടിഞ്ഞു. 6000 കോടിരൂപയുടെ നഷ്ടമാണ് വയനാട്ടെ കാപ്പി, കുരുമുളക് മേഖലയിൽ സംഭവിച്ചതെന്നാണ് മാധ്യമ പ്രവർത്തകനായ പി. സായ്നാഥ് പറയുന്നത്. ആയിരക്കണക്കിന് കർഷകരും കർഷക തൊഴിലാളികളുമാണ് ഇതേത്തുടർന്ന് ആത്മഹത്യ ചെയ്തത്. അതൊന്നും മനസിലാക്കാതെ കൊടിയ ശൈത്യത്തിൽ മരണത്തെ മല്ലിട്ടുകൊണ്ട് രാജ്യതലസ്ഥാനത്തെ തെരുവിൽ കർഷകർക്ക് ഇപ്പോഴും സമരം ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവില്ല. കോൺഗ്രസ് തുടങ്ങിവച്ച കർഷക വിരുദ്ധ നയങ്ങളുടെ തുടർച്ചയായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

Post a Comment

Previous Post Next Post