ബീഫ് നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്താകമാനം പ്രചരണം നടത്തുന്ന ബിജെപിക്ക് തിരിച്ചടിയായി അസമിലെ പാർട്ടി സ്ഥാനാർത്ഥിയുടെ വാക്കുകൾ. ഇന്ത്യയുടെ ദേശീയ ഭക്ഷണമാണ് ബീഫ്, എന്തിനാണ് അത് നിരോധിക്കാൻ ആരെങ്കിലും ശ്രമിക്കുന്നത്? എന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ഗൗരിപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ബാനേന്ദ്ര കുമാർ മുഷാഹരിയുടെ വാക്കുകൾ.
അസമിൽ മാത്രമല്ല, ഇന്ത്യയിലെവിടെയും ബീഫ് നിരോധിക്കാൻ ആർക്കും സാധിക്കില്ലെന്ന് അസമിലെ വിദ്യാഭ്യാസമുള്ള മുസ്‌ലിങ്ങൾ മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിന്റെ വോട്ട് നേടാനായി, മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ബിജെപി സ്ഥാനാർത്ഥി പറഞ്ഞ വാക്കുകൾക്കെതിരെ സംഘപരിവാർ സംഘടനകൾ തന്നെ രംഗത്തുവന്നുകഴിഞ്ഞു. അദ്ദേഹം ഉടൻ മാപ്പുപറയണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
പെരുമാറ്റചട്ടം ലംഘിച്ചതിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൂർബാഞ്ചൽ ഹിന്ദു ഐക്യ മഞ്ചയുടെ അംഗങ്ങൾ ദിസ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇത് സംബന്ധിച്ച് ഗൗരിപുർ പൊലീസ് സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. അസം ഗണപരിഷത്തിന്റെയും ബോഡോ പീപ്പിൾസ് ഫ്രണ്ടിന്റെയും നേതാവായിരുന്ന ബാനേന്ദ്രകുമാർ മൂന്ന് തവണ നിയമസഭാംഗമായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് ഇദ്ദേഹം ബിജെപിയിൽ ചേർന്നത്.
Post a Comment