പലഹാരം മോഷ്ടിച്ചെന്ന് ആരോപണം; പത്തുവയസുകാരന്റെ മുതുകില്‍ വലിയ കല്ല് കെട്ടിവെച്ച് ബേക്കറി ഉടമയുടെ ക്രൂരത, കുട്ടി മരിച്ചു! ഉടമയ്ക്കായി തെരച്ചില്‍

ബംഗളൂരു: പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബേക്കറി ഉടമയ്ക്കായി തെരച്ചില്‍ നടത്തി വരികയാണ്. കര്‍ണാടക ഹാവേരിയില്‍ ആണ് ദാരുണ സംഭവം നടന്നത്. ഹാവേരി ഉപ്പനാശി സ്വദേശിയായ പത്തുവയസുകാരന്‍ ഹരിശയ്യയാണ് മരിച്ചത്.

മാര്‍ച്ച് 16ന് കൂട്ടുകാരോടൊപ്പം പ്രദേശത്തെ ബേക്കറിയില്‍ പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാഞ്ഞത് കണ്ടപ്പോള്‍ മാതാപിതാക്കള്‍ പോയി നോക്കിയപ്പോഴാണ് കടയുടമ തടഞ്ഞു വച്ചിരിക്കുകയാണെന്ന വിവരം കുടുംബം അറിഞ്ഞത്. കുട്ടി പലഹാരം മോഷ്ടിച്ചെന്നും മര്യാദ പഠിപ്പിക്കാനായി കുട്ടി വൈകീട്ട് വരെ ഇവിടെ നില്‍ക്കട്ടെയെന്നും കടയുടമ പറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു.

വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് വരെ കടയുടമ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച് ക്രൂരമായി മര്‍ദിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും കുട്ടി ആശുപത്രിയില്‍വച്ച് വെളിപ്പെടുത്തിയിരുന്നു. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. തിങ്കളാഴ്ച വൈകീട്ടോടെയാണ് നില വഷളായി മരണം സ്ഥിരീകരിച്ചത്. ആദ്യം തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്ന് ഹരിശയ്യയുടെ അച്ഛന് പരാതിപ്പെടുന്നു. കുട്ടി മരിച്ചതിന് ശേഷമാണ് പോലീസ് നടപടികള്‍ തുടങ്ങിയെതെന്നും അച്ഛന്‍ പറഞ്ഞു.


Post a Comment

Previous Post Next Post