ദ്വീപ് ജനതക്ക് പിന്തുണ നല്‍കേണ്ടത് രാജ്യസ്‌നേഹികളുടെ ബാധ്യത: ഹക്കിം അസ്ഹരി




കോഴിക്കോട്

ലക്ഷദ്വീപ് ജനതക്കെതിരെയുള്ള വെല്ലുവിളികളെ തോല്‍പ്പിക്കേണ്ടത് രാജ്യത്തെ സനേഹിക്കുന്ന ഓരോരുത്തരുടെയും ബാധ്യതയാണണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹക്കിം അസ്ഹരി. ആ ബാധ്യത നിര്‍വഹിക്കാന്‍ ലക്ഷദ്വീപിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ഏക വഴി. അയല്‍വാസികള്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ ഇരട്ട ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലക്ഷദ്വീപിലെ ജനപ്രതിനിധികള്‍, വിവിധ ദ്വീപുകളിലെ സാമൂഹിക വിഭാഗങ്ങള്‍, പല കാലങ്ങളിലായി ദ്വീപിലെ ഭരണസംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, നിയമ വിദഗ്ദര്‍ തുടങ്ങിയവരുമായി സംസാരിക്കുകയായിരുന്നു രാവിലെ മുതല്‍. സമീപകാലത്തായി ദ്വീപില്‍ നടക്കുന്ന അനിതരസാധാരണവും ഏകപക്ഷീയവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ ഭരണകൂട നടപടികള്‍ ഒരു ട്രൈബല്‍ സമൂഹം എന്ന നിലയിലുള്ള ലക്ഷദ്വീപ് നിവാസികളുടെ സുസ്ഥിരവും സ്വയം പര്യാപ്തവുമായ ജീവിത വ്യവസ്ഥയെ തന്നെ തകര്‍ത്തു കൊണ്ടിരിക്കുകയാണ് എന്ന ആശങ്കയാണ് എല്ലാവരും പങ്കുവെച്ചത്.

ആ ആശങ്കകള്‍ക്കുള്ള രാഷ്ട്രീയവും നിയമപരവുമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി ദ്വീപ് സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളുമായി ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഈ സംസാരങ്ങളിലൂടെ കഴിഞ്ഞു. കേരളത്തിലെ സര്‍ക്കാരും ഈ ശ്രമങ്ങളില്‍ ദ്വീപു നിവാസികളുടെ താല്പര്യത്തോടൊപ്പം നില്‍ക്കും എന്നറിയിച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായും ഏതൊരു രാജ്യത്തിന്റെയും വൈവിധ്യത്തിന്റെ നിര്‍ണ്ണായകമായ ഭാഗം കുടികൊള്ളുന്നത് അതിര്‍ത്തി പ്രദേശങ്ങളിലാണ്. രാജ്യത്തിനെതിരെ പുറത്തു നിന്നും അകത്തുനിന്നുമുള്ള വെല്ലുവിളികളെ ഒരേപോലെ നേരിടാനുള്ള കരുത്താണ് ഈ അതിര്‍ത്തി ദേശങ്ങളുടെ പ്രധാനപ്പെട്ട കരുത്തും സവിശേഷതയും. ചരിത്രപരമായി തന്നെ ഈ ലക്ഷ്യം നിര്‍വഹിച്ചുപോരുന്ന, അറബിക്കടലിലെ തന്ത്ര പ്രധാനമായ ഭൂമിശാസ്ത്രവും ജനങ്ങളുമാണ് ലക്ഷദ്വീപിലേത്. ഈ സവിശേഷതയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടു വേണം ദ്വീപിന്റെ ജൈവീക സ്വഭാവത്തില്‍ ബോധപൂര്‍വ്വമായ മാറ്റങ്ങള്‍ വരുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ കാണാന്‍.

ഭരണകൂടത്തിന്റെ വിധ്വംസകമായ ഇത്തരം നിലപാടുകളുടെ എക്കാലത്തെയും വലിയ ഇരകള്‍ അതിര്‍ത്തി ദേശങ്ങളിലെ പ്രാക്തന സമൂഹങ്ങളാണ്. അതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഇന്ത്യയുടെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വിവാദമായ പൗരത്വ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് അതിര്‍ത്തികളില്‍ ജീവിക്കുന്ന മനുഷ്യരാണല്ലോ. അത്തരം നടപടികളുടെ തുടര്‍ച്ച തന്നെയാണ് ലക്ഷദ്വീപിലെ വിവിധ മുസ്ലിം ആദിവാസി സമൂഹങ്ങള്‍ക്ക് നേരെയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ആ ജനതക്കെതിരെയുള്ള വെല്ലുവിളികളെ തോല്‍പ്പിക്കേണ്ടത് രാജ്യത്തെ സനേഹിക്കുന്ന ഓരോരുത്തരുടെയും ബാധ്യതയാണ്. ആ ബാധ്യത നിര്‍വഹിക്കാന്‍ ലക്ഷദ്വീപിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ഏക വഴി. അയല്‍വാസികള്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ ഇരട്ട ഉത്തരവാദിത്വമുണ്ട്.

Post a Comment

Previous Post Next Post