തിരുവനന്തപുരം | ബിജെപി നേതാക്കള്‍ക്ക് എതിരെ ആരോപണമുയര്‍ന്ന കുഴല്‍പണ ഇടപാട് കേസില്‍ 20 പ്രതികളെ ഇതു വരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയായ ഷംജീറിന്റെ ഉടമസ്ഥതയിലുളള KL56 G 6786 നമ്പര്‍ കാറില്‍ കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും 3.04.2021 പുലര്‍ച്ചെ നാലര മണിയോടെ തൃശ്ശൂര്‍ കൊടകര ബൈപ്പാസില്‍ വച്ച് ഒരു സംഘം ആളുകള്‍ കവര്‍ച്ച ചെയ്തു എന്ന് പരാതി ഉണ്ടായി. ഇതു സംബന്ധിച്ച് ഷംജീര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കുകയുണ്ടായി. അതിന്റെയടിസ്ഥാനത്തില്‍ IPC 395 വകുപ്പ് പ്രകാരം ക്രൈം.146/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് കൊടകര പോലീസ് സ്റ്റേഷന്‍ SHO അന്വേഷണം നടത്തിയിട്ടുണ്ട്.
പരാതിക്കാരനായ ഷംജീറിനെയും പണം ഏല്‍പ്പിച്ചയച്ച കോഴിക്കോട് സ്വദേശി ധര്‍മ്മരാജനെയും വിശദമായി ഇതു സംബന്ധിച്ച് ചോദ്യം ചെയ്തു. കവര്‍ച്ച ചെയ്യപ്പെട്ട കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. അതിന്റെ അടിസ്ഥാനത്തില്‍ മേല്‍ നമ്പര്‍ കേസില്‍ IPC 412, 212, 120 (B) എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ 25.04.2021 ലെ ഉത്തരവ് പ്രകാരം ചാലക്കുടി DySP കേസിന്റെ അന്വേഷണം ഏറ്റെടുത്തു.
തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയുടെ 5.05.2021 ലെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണത്തിനായി തൃശ്ശൂര്‍ റെയ്ഞ്ച് DIG യുടെയും എറണാകുളം ക്രൈം ബ്രാഞ്ച് SP യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായി പാലക്കാട് DySP യെ ചുമതലപ്പെടുത്തുകയും അന്വേഷണ സംഘം 10.05.2021 മുതല്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് നടത്തിവരുകയുമാണ്.
അറസ്റ്റ് ചെയ്ത പ്രതികള്‍ എല്ലാവരും ജുഡീഷ്യല്‍ കസ്റ്റഡയിലാണ്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയില്‍ 1,01,12001 രൂപയും കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിന്‍ സോണല്‍ ഓഫീസില്‍ നിന്നും 27.05.2021 കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ 01.06.2021 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment