ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസിന്റെ മിന്നൽ പരിശോധന. ഓൺലൈനിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നവർക്കെതിരേയും ഇത്തരം ദൃശ്യങ്ങൾ പങ്കുവെച്ചവർക്കെതിരേയുമാണ് പോലീസ് നടപടി സ്വീകരിച്ചത്. കണ്ണൂർ, മലപ്പുറം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒട്ടേറേ കേസുകളും രജിസ്റ്റർ ചെയ്തു. നിരവധി മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂരിൽ 25 പേർക്കെതിരേ കേസ്, മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു കണ്ണൂർ: ഓൺലൈനിൽ അശ്ലീലദൃശ്യങ്ങൾ സ്ഥിരമായി കാണുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ തിരച്ചിലിൽ 25-ഓളം പേർക്കെതിരേ കേസെടുത്തു. ഇവരുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ഓപ്പറേഷൻ പി ഹണ്ട് (പി-പോണോഗ്രാഫി അഥവാ അശ്ലീലദൃശ്യങ്ങൾ) എന്ന പേരിട്ടായിരുന്നു ഞായറാഴ്ച രാവിലെമുതൽ നടത്തിയ റെയ്ഡ്. പയ്യന്നൂർ, പരിയാരം, കണ്ണൂർ ടൗൺ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നിലേറെ കേസുകളെത്തിട്ടുണ്ട്. തളിപ്പറമ്പ്, ധർമടം, പാനൂർ, കൊളവല്ലൂർ, വളപട്ടണം, കുടിയാൻമല, പിണറായി, ചക്കരക്കല്ല്, മയ്യിൽ, എടക്കാട്, പേരാവൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ ഓരോ കേസ് വീതെമെടുത്തു. 25,000 രൂപയോളം വിലവരുന്ന ഫോണുകൾ പിടിച്ചെടുത്തവയിൽ പെടുന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുന്ന സാമഗ്രികൾ പിടിച്ചെടുക്കാൻ അനുവദിക്കുന്ന കുറ്റകൃത്യ നിയമം 102-ാം വകുപ്പ് പ്രകാരമാണ് ഫോണുകൾ പിടിച്ചത്. ഇവ കോടതിയിൽ ഹാജരാക്കി വിശദപരിശോധനയ്ക്കുശേഷം കുറ്റകൃത്യവുമായി ബന്ധമില്ലെന്ന കണ്ടാലേ ഉടമസ്ഥന് തിരികെ നൽകൂ. മലപ്പുറത്ത് രണ്ടുപേർ അറസ്റ്റിൽ, പിടിയിലായവരിൽ ബംഗാൾ സ്വദേശിയും തിരൂരങ്ങാടി(മലപ്പുറം): കുട്ടികളുടെ അശ്ലീലവീഡിയോ ഡൗൺലോഡുചെയ്ത് മൊബൈൽഫോണിൽ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. മമ്പുറം സ്വദേശി തൊണ്ടിക്കോടൻ മുഹമ്മദ് ഫവാസ് (22) ആണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൊബൈലിൽനിന്ന് കുട്ടികളുടെ അശ്ലീലവീഡിയോ കണ്ടെത്തിയത്. മറ്റൊരു യുവാവിന്റെ മൊബൈൽഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈലിൽനിന്ന് വീഡിയോ കണ്ടെത്താൻ കഴിയാത്തിനാൽ കൂടുതൽ പരിശോധനകൾക്കായി മൊബൈൽഫോൺ ഫോറൻസിക് വിഭാഗത്തിനു കൈമാറി. അശ്ലീലസൈറ്റുകളിൽനിന്ന് കുട്ടികളുടെ വീഡിയോ ഡൗൺലോഡ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി സൈബർസെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധനകൾ നടത്തുന്നുണ്ട്. ബംഗാൾ സ്വദേശി അറസ്റ്റിൽ നിലമ്പൂർ(മലപ്പുറം): കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷൻ പി. ഹണ്ടിന്റെ ഭാഗമായി ഒരാളെ നിലമ്പൂരിൽ പിടികൂടി. വെസ്റ്റ് ബംഗാൾ നാദിയ ജില്ലയിലെ എസ്.കെ. രാഹുലിനെയാണ് നിലമ്പൂർ സി.ഐ. എം.എസ്. ഫൈസൽ അറസ്റ്റുചെയ്തത്. ഇന്റർനെറ്റ് വഴി കുട്ടികളുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. താമരശ്ശേരിയിൽ നിർമാണത്തൊഴിൽ നടത്തിവന്നിരുന്ന ഇയാൾ 10 ദിവസം മുൻപാണ് നിലമ്പൂരിലെ മുക്കട്ടയിൽ താമസമാക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കുന്നത്. എസ്.ഐ. കെ.എസ്. സൂരജ്, സി.പി.ഒമാരായ രാജീവ് കൊളപ്പാട്, കെ.വി. മുരളീകൃഷ്ണ, തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ചാവക്കാട്ടും കൊരട്ടിയിലും മിന്നൽ പരിശോധന, ഫോണുകൾ പിടിച്ചെടുത്തു ചാവക്കാട്(തൃശ്ശൂർ): കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിനും സാമൂഹികമാധ്യമങ്ങളിലൂടെ കണ്ടതിനും ഡൗൺലോഡ് ചെയ്തതിനും ചാവക്കാട് മേഖലയിലെ മൂന്ന് വീടുകളിൽ പോലീസിന്റെ മിന്നൽപരിശോധന. ഓപ്പറേഷൻ പി. ഹണ്ടിന്റെ ഭാഗമായി കടപ്പുറം അഞ്ചങ്ങാടി, പുത്തൻകടപ്പുറം, ഇരട്ടപ്പുഴ മേഖലകളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൂന്ന് ഫോണുകൾ പോലീസ് പിടിച്ചെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു ചാവക്കാട് പോലീസ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് ചാവക്കാട് പോലീസ് അറിയിച്ചു. ചാവക്കാട് എസ്.എച്ച്.ഒ. കെ.പി. ജയപ്രസാദ്, എസ്.ഐ. രാജേഷ്, വനിതാ സി.പി.ഒ.മാരായ ഗീത, ഷൗജത്ത്, സുശീല, സൗദാമിനി, സി.പി.ഒ.മാരായ ശരത്ത്, ആഷിഷ്, ഷൈജു, ചാവക്കാട് സൈബർ സെൽ ഉദ്യോഗസ്ഥരായ സജീഷ്, ശരത്ത്, വിനു കുര്യാക്കോസ് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്. അശ്ലീലദൃശ്യങ്ങൾ പതിവായി കണ്ടവരിൽ വിദ്യാർഥിയും കൊരട്ടി(തൃശ്ശൂർ): കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഇന്റർനെറ്റിൽ കണ്ട യുവാവിന്റെ വീട്ടിൽ പോലീസ് പരിശോധന. രണ്ട് ഫോണുകൾ വിശദപരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി. വിദ്യാർഥിയായ യുവാവ് മൊബൈൽഫോൺ വഴി അശ്ലീല വെബ്സൈറ്റിൽ ദൃശ്യങ്ങൾ പതിവായി കണ്ടതായും ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഇത്തരം ദൃശ്യങ്ങൾ പതിവായി കാണുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയും സൈബർ സെൽ വഴി നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്. ഡൗൺലോഡ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 25 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പ്രത്യേകസംഘത്തോടൊപ്പം കൊരട്ടിയിലെ എസ്.ഐ.മാരായ എസ്.കെ. പ്രിയൻ, സി.കെ. സുരേഷ് എന്നിവരുമുണ്ടായിരുന്നു. ഇടുക്കിയിൽ രണ്ടുപേർക്കെതിരേ കേസ് ചെറുതോണി(ഇടുക്കി): നിരോധിത അശ്ലീലസൈറ്റുകളിൽ പതിവായി സന്ദർശനം നടത്തിവന്നിരുന്ന രണ്ടു പേർക്കെതിരേ ഇടുക്കി പോലീസ് കേസെടുത്തു. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. കഴിഞ്ഞ കുറേ നാളുകളായി സൈബർ സെൽ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പിടിച്ചെടുത്ത ഇവരുടെ മൊബൈലുകൾ കൂടുതൽ പരിശോധനകൾക്കായി അയയ്ക്കും. ഇവർ നിരോധിത സൈറ്റുകളിൽനിന്നു കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ പോക്സോ കേസ് കൂടി ചാർജ് ചെയ്യുമെന്ന് ഇടുക്കി പോലീസ് അറിയിച്ചു.
Post a Comment