ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ 2 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. എല്‍.പി.ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 11.30 ഓടെ വസിര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തഥേര്‍കപൂര്‍വ പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ഗോണ്ട പൊലീസ് മേധാവി സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു.
‘ ഇന്നലെ രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ വീടുകളില്‍ നിന്ന് ഓടിപ്പോയി. രക്ഷപ്പെട്ടവരെയും മൃതദേഹങ്ങളെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് പുറത്തെടുത്തത്. ഏഴുപേര്‍ മരിച്ചതായി പ്രഖ്യാപിച്ചു, മറ്റ് ഏഴ് പേര്‍ ചികിത്സയിലാണ്. സ്ഥലത്ത് സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറന്‍സിക് വിദഗ്ധരെയും ബോംബ് സ്‌ക്വാഡിനെയും വിളിച്ചിട്ടുണ്ട്’ -എസ്പി പറഞ്ഞു.
അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post a Comment