യാത്രാനിയന്ത്രണം കാരണം കേരളത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല; അസമില്‍ മേപ്പയ്യൂര്‍ സ്വദേശി മനംനൊന്ത് ആത്മഹത്യ ചെയ്ത നിലയില്‍



ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി അഭിജിത്താണ് അസമിലെ നഗോറയില്‍ കുടുങ്ങി പോയ ടൂറിസ്റ്റ് ബസിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

റംസാനും നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പായി അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകള്‍ പോയിരുന്നു. ഇങ്ങനെയൊരു ബസിലെ തൊഴിലാളിയാണ് അഭിജിത്ത്. നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം ഇവിടേക്ക് തിരിച്ചു വരാന്‍ മടി കാണിച്ചതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു.

യാതൊരു അടിസ്ഥാന സൗകര്യവും മറ്റു സഹായങ്ങളും ലഭിക്കാതെ അസമില്‍ കുടുങ്ങിയ ഈ തൊഴിലാളികള്‍ വലിയ ദുരിതമാണ് ഇത്രയും കാലം നേരിട്ടത്. ആഴ്ചകള്‍ക്ക് മുന്‍പ് ഇങ്ങനെ അവിടെ കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഈ മരണത്തിന്റെ ആഘാതം മാറും മുന്‍പാണ് ബസ് ജീവനക്കാരന്റെ ആത്മഹത്യ. അസമില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാന്‍ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവഴിക്കേണ്ടി വരും എന്നാണ് കണക്ക്.


Post a Comment

Previous Post Next Post