പഴനി | തമിഴ്‌നാട്ടിലെ പഴനിയില്‍ കണ്ണൂര്‍ തലശേരി സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. പീഡനം നടന്ന ലോഡ്ജിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തലശേരി പോലീസുമായി സഹകരിച്ചാണ് തമിഴ്നാട് പൊലീസിന്റെ അന്വേഷണം. യുവതിയുടേയും ഭര്‍ത്താവിന്റേയും മൊഴിയും ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങളും തലശേരി പോലീസില്‍ നിന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് തമിഴ്നാട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയുമായി യുവതിയും ഭര്‍ത്താവും സമീപിച്ചപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡി ജി പി തലത്തില്‍ ഇടപെടലുണ്ടായതോടെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും തമിഴ്‌നാട് പോലീസ് അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം. പഴനിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം യുവതിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. ഗുരുതരമായി പരുക്കേറ്റ യുവതി തിരിച്ചെത്തിയ ശേഷമാണ് ചികിത്സ തേടിയത്.
Post a Comment