പഴയ വാഹനങ്ങളുടെ എൻജിനും ഷാസിയും ഉൾപ്പെടെയുള്ള ഘടകങ്ങളുടെ പുനരുപയോഗം തടഞ്ഞ് കേന്ദ്രസർക്കാർ.
വേർതിരിക്കുന്ന വാഹനഘടകങ്ങൾ പരിസ്ഥിതി മലിനീകരണമുണ്ടാകാത്തവിധം പുനഃചംക്രമണംചെയ്യണമെന്നാണ് നിർദേശം. പഴയ വാഹനഘടകങ്ങളുടെ പുനരുപയോഗം ആവശ്യമെങ്കിൽ ഭാവിയിൽ വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്നും കേന്ദ്രഉപരിതലമന്ത്രാലയം ഇറക്കിയ വ്യവസ്ഥകളിൽ പറയുന്നു. വാഹനനിർമാതാക്കളുടെ പരീക്ഷണവാഹനങ്ങൾ ഉപയോഗം കഴിഞ്ഞാലും നിർമാണാനുമതി ലഭിക്കാത്ത വാഹനങ്ങളും പൊളിക്കൽ കേന്ദ്രങ്ങൾക്ക് കൈമാറണം. ഇവയുടെ ഘടകങ്ങൾ നിർബന്ധമായും പുനഃചംക്രമണംചെയ്യണം. ഇവയുടെ ഭാഗങ്ങൾ പുതിയ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും തടയും. വില്പനയ്ക്ക് എത്തിക്കുന്നതിനിടെ അപകടത്തിൽപ്പെടുന്ന വാഹനങ്ങളും ഈ രീതിയിൽ പൊളിക്കണം
കഴിഞ്ഞ കേന്ദ്രബജറ്റിലാണ് പഴയവാഹനങ്ങൾ പൊളിക്കാനുള്ള നയം പ്രഖ്യാപിച്ചത്. ഇത് നടപ്പാക്കാൻ വെഹിക്കിൾ ടെസ്റ്റിങ്, സ്ക്രാപ്പിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കാനുള്ള നിയമനിർമാണം പുരോഗമിക്കുകയാണ്. പൊളിക്കൽ നയം നടപ്പാക്കുന്നതോടെ ഈ മേഖലയിലെ ചെറുകിടക്കാരുടെ നിലനില്പ് പ്രതിസന്ധിയിലാകും. കുറഞ്ഞത് രണ്ടുകോടി രൂപയെങ്കിലും നിക്ഷേപിച്ചാലേ അംഗീകൃത പൊളിക്കൽകേന്ദ്രങ്ങൾ തുടങ്ങാനാകൂ.
പഴയവാഹനങ്ങൾ ഉപേക്ഷിക്കുന്നവർക്ക് നികുതിയിളവ് നൽകുന്നതിനാൽ അംഗീകൃത കേന്ദ്രങ്ങൾക്കുമാത്രമേ ഉടമകൾ പഴയവാഹനം കൈമാറുകയുള്ളൂ. നിയമപരമായ ബാധ്യതകൾ ഒഴിവാകുമെന്നതും നേട്ടമാണ്
Post a Comment