എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം


സമൂഹത്തിന്റെ ധാർമ്മികാരോഗ്യം തകരുമ്പോഴാണ് അരാജകത്വം വർധിക്കുന്നത്: കാന്തപുരം

www.snewsonline.in

സ്ത്രീധന സമ്പ്രദായം ഇസ്‌ലാമിനന്യമാണെന്നും, സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ സമ്പ്രദായം നടത്തേണ്ടതെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ പറഞ്ഞു. സ്ത്രീകളോട് മാന്യമായും, ബഹുമാനത്തോടെയും പെരുമാറാൻ സമൂഹം തയ്യാറാകണം.

 എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർത്ഥികളുടെ കോൺഫറൻസായ പ്രൊഫ്സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു മാസം മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതും, സ്ത്രീധന മരണങ്ങൾ വർധിക്കുന്നതും, ക്വട്ടേഷൻ സംഘങ്ങൾ പെരുകുന്നതുമെല്ലാം സമൂഹത്തിന്റെ ധാർമ്മിക ശോഷണത്തിന്റെ സൂചനകളാണ്. സമൂഹത്തിന്റെ ധാർമ്മികവത്കരണമാണ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം. മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു തലമുറയുടെ സൃഷ്ടിപ്പിനു മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയൂ. പുതിയ തലമുറയെ നേരിന്റെയും, നൻമയുടെയും പാതയിൽ വഴി നടത്താനുള്ള പരിശ്രമങ്ങൾ നിരന്തരം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലായി നടക്കുന്ന പ്രൊഫ്സമ്മിറ്റില്‍ 
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ധീന്‍ ഫാളിലി അദ്ധ്യക്ഷത വഹിച്ചു. ആഗോള മുസ്ലിം പണ്ഡിതന്‍ ശൈഖ് ഹംസ യൂസുഫ് മുഖ്യാതിഥിയായിരുന്നു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,സി.എന്‍ ജഅഫര്‍ സാദിഖ്,ഹാമിദലി സഖാഫി പാലാഴി,സി.എം സാബിര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രൊഫ്സമ്മിറ്റില്‍ രാജ്യത്തെ വിവിധ പ്രൊഫഷണല്‍ ക്യാമ്പസുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. മതം, രാഷ്ട്രീയം,സാമൂഹികം, പഠനം, കരിയര്‍, കല തുടങ്ങി വിവിധ സെഷനുകള്‍ക്ക് പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും നേതൃത്വം നല്‍കും.

Contact :8089444005

Post a Comment

Previous Post Next Post