കൊവിഡ് മരണത്തിന് അര ലക്ഷം രൂപ നഷ്ടപരിഹാരം; നൽകുക സംസ്ഥാനങ്ങൾ

ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐ സി എം ആറും പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം മരണം കൊവിഡ് കാരണം എന്ന് രേഖപെടുത്തിയവക്ക് മാത്രമേ സഹായം ലഭിക്കൂ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് സഹായം നല്‍കുന്നതിനുള്ള തുക വിതരണം ചെയ്യേണ്ടത്.

സംസ്ഥാന അതോറിറ്റി തയ്യാറാക്കിയ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ജില്ലാ ദുരന്ത നിവാരണ ആതോറിറ്റി പരിശോധിക്കും. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം. സാമ്പത്തിക സഹായം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അകൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. മരണ സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് എന്ന് രേഖപെടുത്താത്തതില്‍ തര്‍ക്കമുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ സമിതി രൂപവത്കരിക്കണമെന്നും മാര്‍ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മരണപ്പെട്ടവര്‍ക്കും ഭാവിയില്‍ ഉണ്ടായേക്കാവുന്ന കൊവിഡ് മരണങ്ങള്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗരേഖ സുപ്രീം കോടതിക്ക് കൈമാറി.
Previous Post Next Post