അഫ്ഗാനില്‍ ദേശീയ വോളിബോള്‍ താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു; 'കൊടും ക്രൂരത'


കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊലപ്പെടുത്തിയ മഹ്ജബിന്‍ ഹക്കീമിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അഫ്ഗാനിസ്ഥാനില്‍ ദേശീയ വനിതാ ജൂനിയര്‍ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വോളിബോള്‍ ടീമിന്റെ പരിശീലകനാണ് അഭിമുഖത്തിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മഹ്ജബിന്‍ ഹക്കീമി എന്ന യുവതാരമാണ് താലിബാന്റെ കൊടുക്രൂരത്ക്ക് ഇരയായത്. ഈ മാസം ആദ്യമായിരുന്നു സംഭവം. കൊലപാതകം വിവരം പുറത്തുപോകരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാന്‍ ഭീഷണിപ്പെടുത്തിയെന്നും പരിശീലകന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊലപ്പെടുത്തിയ മഹ്ജബിന്‍ ഹക്കീമിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി പരിശീലകന്‍ രംഗത്തെത്തിയത്.
1978-ലാണ് അഫ്ഗാനിസ്താന്‍ ദേശീയ വനിതാ വോളിബോള്‍ ടീം നിലവില്‍ വന്നത്. അഷറഫ് ഗാനി അധികാരത്തിലിരിക്കെ കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിന്‍. താലിബാന്‍ അഫ്ഗാനിസ്താന്‍ കയ്യേറിയതോടെ വോളിബോള്‍ താരങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും രണ്ട് താരങ്ങള്‍ക്ക് മാത്രമെ രാജ്യം വിടാന്‍ സാധിച്ചിരുന്നുള്ളു. അവശേഷിച്ചിരുന്ന താരങ്ങള്‍ ഒളിവിലായിരുന്നുവെന്നും പരിശീലകന്‍ പറഞ്ഞു.
താരങ്ങള്‍ ആഭ്യന്തര, വിദേശ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചതും ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും ഇതിന് പിന്നാലെയാണ് മഹ്ജബിന്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post