ലോക്‌നാഥ് ബെഹ്‌റക്ക് ശമ്പളം നിശ്ചയിച്ചു; ഡിജിപി പദവിയില്‍ മാസം 2.25 ലക്ഷം

കൊച്ചി മെട്രോയില്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ച ലോക്‌നാഥ് ബെഹ്‌റക്ക് സര്‍ക്കാര്‍ ശമ്പളം നിശ്ചയിച്ചു. ഡിജിപിയായി സര്‍വ്വീസിലിരിക്കെ അവസാനമാസം വാങ്ങിയ ശമ്പളത്തിന് തുല്യമായ തുകയാണ് ലഭിക്കുക.

ഡിജിപിയായി ലോക്‌നാഥ് ബെഹ്‌റ വാങ്ങിയ ശമ്പളം 2,25000 രൂപയാണ്. കെഎസ്ആര്‍ (പാര്‍ട്ട് 3 ) റൂള്‍ 100 അനുസരിച്ച്, പുനര്‍നിയമന വ്യവസ്ഥയിലാണ് ബെഹ്‌റയെ കൊച്ചി മെട്രോ എംഡിയായി 3 വര്‍ഷത്തേക്കു നിയമിച്ചത്. ബെഹ്‌റ അവസാനം വാങ്ങിയ ശമ്പളം 2,25,000 രൂപയായതിനാല്‍ പെന്‍ഷനായി 1,12,500 രൂപ ലഭിക്കും. പുനര്‍നിയമന വ്യവസ്ഥ അനുസരിച്ച് അവസാനം വാങ്ങിയ ശമ്പളത്തില്‍നിന്ന് പെന്‍ഷന്‍ തുക കുറച്ചു കിട്ടുന്ന തുകയും അതിനോടൊപ്പം ഡിഎയുമാണ് ശമ്പളമായി ലഭിക്കുക.

ഇതനുസരിച്ച് 1,12,500 രൂപയോടൊപ്പം ഡിഎയും ശമ്പളമായി ലഭിക്കും. പെന്‍ഷന്‍ തുക കൂടി കൂട്ടിയാല്‍ പഴയ ശമ്പളത്തുകയാകും കയ്യില്‍ കിട്ടുക. ഈ രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്.

Post a Comment

Previous Post Next Post