കൊണ്ടോട്ടി പീഡനശ്രക്കേസിലെ പ്രതിയുടെ സോഷ്യൽമീഡിയ ഇടപെടൽ പോലീസ് അന്വേഷിക്കുന്നു; 15കാരനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത് കണ്ടെത്തൽ ലക്ഷ്യം

മലപ്പുറം: കൊണ്ടാട്ടിയിൽ പട്ടാപ്പകൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചകേസിൽ അറസ്റ്റിലായ പതിനഞ്ചുകാരനെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പതിനഞ്ചുകാരനെ കോഴിക്കോട് ജുവനൈൽ ഒബ്‌സർവേഷൻ ഹോമിലേക്ക് റിമാന്റ് ചെയ്തത്. പത്താം ക്ലാസുകാരനെ വൈദ്യ പരിശോധനക്കു ശേഷം രാത്രി പത്ത് മണിയോടെയാണ് ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്.



തിങ്കളാഴ്ച്ചയാണ് കൊണ്ടോട്ടി കോട്ടൂക്കരയിൽ വച്ച് പതിനഞ്ചുകാരൻ പെൺകുട്ടിയെ റോഡിൽ നിന്ന് ബലമായി പിടിച്ചുവലിച്ച് തോട്ടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ധൈര്യം സംഭരിച്ച് പെൺകുട്ടി നടത്തിയ ചെറുത്തുനിൽപ്പാണ് 15കാരന്റെ ആക്രമണം തടഞ്ഞത്. ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെയാണ് പത്താം ക്ലാസുകാരനായ വിദ്യാർത്ഥി അറസ്റ്റിലായത്. കേസിൽ മറ്റാർക്കും പങ്കില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുള്ളത്.



അതേസമയം, കൗമാരക്കാരനെ ക്രൂരകൃത്യത്തിലേക്ക് നയിച്ച പ്രേരണാ ഘടകങ്ങളെ കുറിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. അറസ്റ്റിലായ പത്താം ക്ലാസുകാരന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇന്റർനെറ്റ് ഉപയോഗങ്ങളും വിശദമായി വിദഗ്ധരുടെ സഹായത്തോടെ പോലീസ് പരിശോധിച്ചു വരുന്നുണ്ട്. ഇത്രയും ക്രൂരമായ കൃത്യം ചെയ്യാൻ വിദ്യാർത്ഥിക്ക് എവിടെ നിന്നെങ്കിലും സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post