100 കോടി പേര്‍ക്ക് വാക്‌സിന്‍; ഇന്ന് ചരിത്രം കുറിക്കാന്‍ ഇന്ത്യ

കൊവിഡ് മഹാമാരിക്ക് എതിരായ പ്രതിരോധത്തില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ. രാജ്യത്തെ വാക്‌സിനേഷന്‍ ഇന്ന് നൂറ് കോടി പിന്നിടും. ഇന്ന് ഉച്ചയ്ക്ക് മുമ്പ് വാക്‌സിനേഷന്‍ നൂറ് കോടി ഡോസ് പിന്നിടുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ വാക്‌സിന്‍ ലഭിക്കാത്തവര്‍ ഇന്ന് തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ഒമ്പത് മാസം പിന്നിടുമ്പോഴാണ് വലിയ ലക്ഷ്യം ഇന്ത്യ കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനുകള്‍ ഇന്ന് നല്‍കുമെന്നാണ് അറിയിപ്പ്. നേട്ടം ആഘോഷമാക്കാനും കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 99.7 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

കോവിന്‍ പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ബുധനാഴ്ച രാത്രി 10.30 വരെ പ്രായ പൂര്‍ത്തിയായവരില്‍ 75 ശതമാനം ആദ്യ ഡോസും 31 ശതമാനത്തിന് രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്. സെക്കന്‍ഡില്‍ 700 ഡോസ് എന്ന നിലയിലാണ് രാജ്യത്ത് ബുധനനാഴ്ച വാക്‌സിന്‍ വിതരണം നടന്നത് എന്ന് നാഷ്ണല്‍ ഹെല്‍ത്ത് അതോറിറ്റി സിഇഒ ആര്‍എസ് ശര്‍മ അറിയിച്ചു. ഇത്രയും വേഗത്തില്‍ വാക്‌സിനേഷന്‍ നടക്കുന്നതിനാല്‍ തന്നെ ആരാണ് 100 കോടി തികയ്ക്കുന്നത് എന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നേരത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലായിരുന്നു രാജ്യത്ത് വലിയ വാക്‌സിനേഷന്‍ ഡ്രൈവ് നടന്നത്. 2.5 കോടി പേര്‍ക്കായിരുന്നു അന്ന് വാക്‌സിന്‍ നല്‍കിയത്. അതേസമയം, രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടുതയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. രണ്ട് ഡോസ് സ്വീകരിച്ച വ്യക്തികളും ഒരു ഡോസ് സ്വീകരിച്ചവരുടെ എണ്ണവും തമ്മിലുള്ള അന്തരമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ആധാരം. രാജ്യത്തെ ജന സംഖ്യയുടെ 20 ശതമാനം മാത്രമാണ് രണ്ട് ഡോസുകളും സ്വീകരിച്ചതെന്നാണ് ഉന്നയിക്കുന്ന ആക്ഷേപം.

Post a Comment

Previous Post Next Post