ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഇടതു സഹയാത്രികള്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും. കോണ്‍ഗ്രസ് നേതൃത്വം ചെറിയാന്‍ ഫിലിപ്പുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന.

എകെ ആന്റണി, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിഡി സതീശനും കെ സുധാകരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെറിയാന്‍ ഫിലിപ്പുമായി കൂടികാഴ്ച്ച നടത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ചെറിയാന്‍ ഫിലിപ്പും പങ്കെടുക്കുന്ന ഒരു ചടങ്ങ് അടുത്തയാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

2001 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസ് വിട്ട് പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. പിന്നീട് രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴയപ്പെട്ട ചെറിയാന്‍ ഫിലിപ്പിന് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കുകയായിരുന്നു സര്‍ക്കാര്‍.

ഒന്നാം പിണറായി സര്‍ക്കാറില്‍ നവകേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കേരള സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ആക്ഷേപം. നെതര്‍ലന്‍ഡ്സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷം തുടര്‍ നടപടിയെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post