ഇ ബുള്‍ജെറ്റിന് വന്‍ തിരിച്ചടി; വാഹനം വിട്ടുനല്‍കില്ല, ഹര്‍ജി ഹൈക്കോടതി തള്ളി

വിവാദ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് വന്‍ തിരിച്ചടി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അതേസമയം വാഹനം വിട്ടുനല്‍കില്ലെന്നും കോടതി വ്യക്തമാക്കി. നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ മോര്‍ട്ടോര്‍വാഹന വകുപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി വാഹനം വിട്ടുകിട്ടണമെന്ന വ്‌ളോഗര്‍മാരുടെ ആവശ്യം തള്ളുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലെന്നായിരുന്നു എംവിഡിയുടെ വാദം.
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. 42400 രൂപ പിഴ അടക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ഡീലര്‍ നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
റിമാന്‍ഡിലായതിന്റെ അടുത്ത ദിവസം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജി തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഇബുള്‍ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളെന്നായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിലപാട്.

Post a Comment

Previous Post Next Post