അഞ്ചു ദിവസം 10,350 ഊണ്‍; ഹിറ്റായി കൊച്ചിയിലെ ജനകീയ ഹോട്ടല്‍

ഹോട്ടലിന്റെ നടത്തിപ്പിനായി ഒരു രൂപ പോലും നഗരസഭയുടെ ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നില്ലെന്നും ഹോട്ടലില്‍ നിന്ന് നികുതി പിരിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.

മുപ്പത് രൂപയുടെ ഊണ്‍ പത്ത് രൂപക്ക് നല്‍കി കൊച്ചി കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടല്‍. കൊച്ചി നോര്‍ത്ത് പരമാര റോഡില്‍ ആരംഭിച്ച ഹോട്ടലിലാണ് പത്ത് രൂപക്ക് ഊണ്‍. അഞ്ച് ദിവസത്തിനിടെ ഹോട്ടലില്‍ നിന്ന് വിറ്റഴിച്ചത് 10350 ഊണ്‍ ആണ്. ഹോട്ടലിന്റെ നടത്തിപ്പിനായി ഒരു രൂപ പോലും നഗരസഭയുടെ ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നില്ലെന്നും ഹോട്ടലില്‍ നിന്ന് നികുതി പിരിക്കുന്നില്ലെന്നും മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. പത്ത് രൂപ സര്‍ക്കാര്‍ നല്‍കുന്നതിനാല്‍ പത്ത് രൂപ മാത്രമാണ് കോര്‍പറേഷന് വരുന്ന നഷ്ടം. വിവധ സ്ഥാപന്ങ്ങളുടെ സിഎഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചാണ് കോര്‍പറേഷന്റെ നഷ്ടം നീക്കുന്നത്.
ഹോട്ടലിന്റെ നടത്തിപ്പിനായി പൊതു ജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാമെന്നും മേയര്‍ പറഞ്ഞു. പത്ത് രൂപക്ക് ഊണ്‍ നല്‍കുന്ന സംരംഭം വന്‍ വിജയമായതോടെ വിദേശത്തു നിന്നും സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചു. ഈ സാഹചര്യത്തില്‍ സഹായങ്ങള്‍ സ്വീകരിക്കുന്നതിന് പുതിയ അക്കൗണ്ട് തുടങ്ങാനും തീരുമാനമായി. സമൃദ്ധി@കൊച്ചി എന്ന പേരില്‍ ഫെഡറല്‍ ബാങ്കിന്റെ എറണാകുളം സൗത്ത് ശാഖയില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് പണം നല്‍കാം. അക്കൗണ്ട് നമ്പര്‍ 11530200024910, ഐഎഫ്എസ് സി കോഡ് എഫ്ഡിആര്‍എല്‍ 0001153.
അതേസമയം പത്ത് രൂപക്ക് ഊണ്‍ നല്‍കുന്ന പദ്ധതിയെ ചിലര്‍ ചൂഷണം ചെയ്യുന്നതായും.കൂടുതല്‍ എണ്ണം പാഴ്‌സല്‍ ഒന്നിച്ച് വാങ്ങുന്നത് തടയാന്‍ ക്രമീകരണമുണ്ടാക്കിയതായി മേയര്‍ അറിയിച്ചു. ഒന്നോ രണ്ടോ പേര്‍ക്കോ, കുടുംബത്തിനോ ഭക്ഷണപൊതി ഒന്നിച്ചു വാങ്ങുന്നതില്‍ തെറ്റില്ലെന്നും മറ്റു പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലില്‍ പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്. ഉച്ചയൂണിന് പുറമേ പ്രാതല്‍ നല്‍കാനും, മീന്‍ ഉള്‍പ്പെടെയുളള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗലസഭയുടെ പത്ത് ജനകീയ ഹോട്ടലുകളില്‍ കേന്ദ്രീകൃത അടുക്കള എന്ന പദ്ധതിയും, പാഴ്‌സലിന് പ്രത്യേക കൗണ്ടറും ഏര്‍പ്പെടുത്തും.

Post a Comment

Previous Post Next Post