ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; ജാ​ഗ്രതാ നിർദ്ദേശം

2 ഷട്ടറുകൾ 50 സെന്റീമീറ്റർ ഉയർത്തും. 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും.
ഇടുക്കി ഡാം നാളെ തുറക്കും. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജലവകുപ്പ് വിദഗ്ധരുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 2 ഷട്ടറുകൾ 50 സെന്റീമീറ്റർ ഉയർത്തും. 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും.
ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് അപകടകരമായി ഉയരാതെ നിലർത്താൻ യോ​ഗത്തിൽ തീരുമാനിച്ചു. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.34 അടിയിലെത്തി. ജലനിരപ്പ് 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് മണിക്കൂറില്‍ 0.993 ഘനയടി വെള്ളമാണ്.
ഇപ്പോഴത്തെ നിരക്ക് പരിശോധിച്ചാല്‍ രാവിലെ 7 മണിയോടെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വിലെത്തും. ഇന്ന് വൈകീട്ട് ആറ് മണിയോടെ ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇടുക്കിയില്‍ നിന്ന് വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. 
ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തും. ഒരു സെക്കന്റിൽ 100 ക്യൂബിക് മീറ്റർ അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ല. തുലാവർഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് ഈ നടപടി. 

മഴ വീണ്ടുമെത്തും

ബുധനാഴ്ച മുതൽ ശക്തമായ മഴ സംസ്ഥാനത്ത് ബുധനാഴ്ച (ഒക്ടോബർ 20) മുതൽ വെള്ളിയാഴ്ച (ഒക്ടോബർ 22) വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും, ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

Post a Comment

Previous Post Next Post