കുതിരാന്‍; ചോര്‍ച്ച അപകടകരം, മണ്ണിടിച്ചിലിനും സാധ്യത; തെന്നാതിരിക്കാന്‍ വെള്ളം തുടച്ചുമാറ്റും

വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടത് തുരങ്കത്തിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്ന് തുരങ്കംനിർമിച്ച കരാർകമ്പനി പ്രഗതി. ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ല് താഴേക്കുവീഴാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. തുരങ്കത്തിനുള്ളിൽ നേരിയകനത്തിൽ സിമന്റ് മിശ്രിതം സ്പ്രേചെയ്ത ഭാഗങ്ങളിലാണ് ചോർച്ച രൂപപ്പെട്ടിട്ടുള്ളത്. ഉരുക്കുപാളികൾ ഘടിപ്പിച്ച് ഒരുമീറ്റർ കനത്തിലുള്ള കോൺക്രീറ്റിങ്ങാണ് (ഗ്യാൻട്രി കോൺക്രീറ്റിങ്) തുരങ്കത്തിനുള്ളിൽ ചെയ്യേണ്ടിയിരുന്നതെന്ന് പ്രഗതിയുടെ പി.ആർ.ഒ. വി. ശിവാനന്ദൻ പറഞ്ഞു. കുറച്ചുഭാഗങ്ങളിൽ മാത്രമാണ് ഇത് ചെയ്തിട്ടുള്ളത്. പാറയ്ക്ക് ബലമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറുവരിപ്പാതാ മുഖ്യ കരാർകമ്പനിയായ കെ.എം.സി. പല ഭാഗങ്ങളിലും ഗ്യാൻട്രി കോൺക്രീറ്റിങ് ഒഴിവാക്കുകയായിരുന്നു.
തുരങ്കം ഗതഗാതത്തിന് തുറക്കുംമുമ്പ് തന്നെ പലസ്ഥലങ്ങളിലും ചോർച്ചയുണ്ടായെങ്കിലും ഇവിടങ്ങളിൽ ദ്വാരങ്ങളിട്ട് പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കുകയായിരുന്നു. മഴ ശക്തിപ്പെട്ടതോടെ ദ്വാരങ്ങളിട്ട സ്ഥലങ്ങൾക്കുപുറമേ പലഭാഗങ്ങളിൽനിന്നും വെള്ളം കിനിഞ്ഞിറങ്ങുകയാണ്. ചോർന്നിറങ്ങുന്ന വെള്ളം ലൈറ്റ് ഘടിപ്പിച്ചിട്ടുള്ള പാനലിലേക്കും വയറിങ് കടന്നുപോകുന്ന ഭാഗത്തേക്കും വീഴുന്നുണ്ട്. ഇത് വൈദ്യുത തകരാറുകൾക്കും വഴിവെച്ചേക്കും.

Post a Comment

Previous Post Next Post