വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹരജിയില്‍ വിധി വ്യാഴാഴ്ച

കൊച്ചി | വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയെ പീഡിപ്പിച്ചിട്ടില്ലെന്ന് കിരണ്‍ ജാമ്യഹരജിയില്‍ പറയുന്നു. അതേ സമയം സ്ത്രീധന പീഡനത്തിന് പ്രതിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

പ്രതി കിരണ്‍കുമാറിനെതിരെ സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് 40 ല്‍ അധികം പ്രധാന സാക്ഷികളുടെ മൊഴികളും ഇരുപതിലധികം ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഭര്‍ത്തൃവീട്ടിലെ പീഡനത്തെക്കുറിച്ച് വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് പ്രധാന ഡിജിറ്റല്‍ തെളിവുകള്‍. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ധന്‍, വിസ്മയയുടെ സുഹൃത്തുക്കള്‍ എന്നിവരുടെ മൊഴിയും ഉണ്ട്.

ജൂണ്‍ 21നാണ് ഭര്‍തൃ വീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ മര്‍ദിച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കേസിന് പിറകെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു

 

Post a Comment

Previous Post Next Post