ഗ്രോവര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ ഹരിയാനയില്‍ കര്‍ഷകര്‍ തടഞ്ഞതിന് പിന്നാലെയാണ് അരവിന്ദ് ശര്‍മ്മയുടെ ഭീഷണി
മുന്‍ ഹരിയാന മന്ത്രി മനീഷ് ഗ്രോവറിനെ ലക്ഷ്യമിടുന്നവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈകള്‍ വെട്ടിമാറ്റുമെന്നും ബിജെപി എംപി അരവിന്ദ് ശര്‍മ്മയുടെ ഭീഷണി. ഗ്രോവര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ ഹരിയാനയില്‍ കര്‍ഷകര്‍ തടഞ്ഞതിന് പിന്നാലെയാണ് അരവിന്ദ് ശര്‍മ്മയുടെ ഭീഷണി.
കോണ്‍ഗ്രസ് നേതാവായ ഭൂപീന്ദര്‍ സിംഗ് ഹൂഡയും മകന്‍ ദീപേന്ദര്‍ ഹൂഡയും ഗ്രോവറെ ആക്രമിക്കാന്‍ കാരണം ലോക്‌സഭ തിരഞ്ഞെടുപ്പിലെ ദീപേന്ദറിന്റെ തോല്‍വിയാണെന്ന് അരവിന്ദ് ശര്‍മ്മ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഗ്രോവറിനെ ലക്ഷ്യമിടുന്നവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും ഗ്രോവര്‍ക്ക് നേരെ കൈ ഉയര്‍ത്തുന്നവരുടെ കൈകള്‍ വെട്ടിമാറ്റുമെന്നും എംപി ഭീഷണി ഉയര്‍ത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനം തത്സമയം കാണാനായി ബിജെപി നേതാക്കള്‍ കിലോയ് ഗ്രാമത്തിലെ പുരാതന ശിവക്ഷേത്രത്തിലെത്തിയിരുന്നു. ഈ വിവരം അറിഞ്ഞ് ക്ഷേത്രത്തിന് മുന്നിലെത്തിയ കര്‍ഷകര്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴി ഉപരോധിക്കുകയായിരുന്നു.
ഗ്രോവറിന് പുറമെ മന്ത്രി രവീന്ദ്ര രാജു, മേയര്‍ മന്‍മോഹന്‍ ഗോയല്‍, ജില്ലാ പ്രസിഡന്റ് അജയ് ബന്‍സാല്‍, സതീഷ് നന്ദാല്‍, ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ രാമാവ്താര്‍ ബാല്‍മീകി, സീനിയര്‍ ഡെപ്യൂട്ടി മേയര്‍ രാജ്കമല്‍ സെഹ്ഗാള്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഉഷാ ശര്‍മ, ബിജെപി യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് നവീന്‍ ധുല്‍ ഉള്‍പ്പെടെയുള്ളവരെയാണ് കര്‍ഷകര്‍ തടഞ്ഞുവെച്ചത്.
Post a Comment