ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ആദ്യജയമാണ് ഇരുടീമിന്റേയും ലക്ഷ്യം. രാത്രി ഏഴരയ്ക്കാണ് മല്‍സരം. രണ്ടുടീമിന്റേയും ആദ്യമല്‍സരത്തിന് വലിയൊരു സാമ്യമുണ്ട്. രണ്ടുപേരും തോറ്റത് ഒരേ സ്കോറിനാണ്. രണ്ടിനെതിരെ നാല് ഗോളിന്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളൂരുവിനോടും ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനോടുമാണ് തോറ്റത്.
ആദ്യമല്‍സരത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ മേല്‍ക്കൈ നോര്‍ത്ത് ഈസ്റ്റിനാണ്. കരുത്തരായ ബെംഗളൂരുവിനോട് ആദ്യപകുതിയില്‍ 42–ാം മിനിറ്റുവരെ ഒപ്പത്തിനൊപ്പം പോരാടാന്‍ ഹൈലാന്‍ഡേഴ്സിന് കഴിഞ്ഞു. രണ്ടുവട്ടം പിന്നിലായപ്പോഴും തിരിച്ചടിച്ച് ഒപ്പമെത്തി.
നോര്‍ത്ത് ഈസ്റ്റ് താരങ്ങളുടെ പരിചയക്കുറവാണ് ടീമിന് തിരിച്ചടിയായത്. ഫറ്റോര്‍ഡയില്‍ ജയം ലക്ഷ്യമിട്ട് അരയുംതലയും മുറുക്കി നോര്‍ത്ത് ഈസ്റ്റ് ഇറങ്ങിയാല്‍ ബ്ലാസ്റ്റേഴ്സ് വിയര്‍ക്കും.
പ്രതിരോധത്തിലെ പാളിച്ചകളും ഗോള്‍ കീപ്പിങ്ങിലെ പോരായ്മകളുമാണ് ബ്ലാസ്റ്റേഴ്സിന് ആദ്യമല്‍സരത്തില്‍ തിരിച്ചടിയായത്. രണ്ടാംപകുതിയില്‍ കാഴ്ചവച്ച പക്വത രണ്ടാം മല്‍സരത്തില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം. പതിനാല് തവണ ഇരുടീമും നേർക്കുനേര്‍ വന്നു. അഞ്ചുവട്ടം ബ്ലാസ്റ്റേഴ്സും നാല് വട്ടം നോര്‍ത്ത് ഈസ്റ്റും ജയിച്ചു. അഞ്ചുതവണ മല്‍സരം സമനിലയിലായി.
Post a Comment