ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ പല വഴിക്ക് പിരിഞ്ഞത് കുഴൽ മന്ദത്ത് നിന്ന്





പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. കൃത്യം നടത്തിയതിന് ശേഷം പ്രതികൾ രക്ഷപ്പെട്ടത് കുഴൽ മന്ദത്ത് നിന്നെന്ന് മൊഴിയിൽ പറയുന്നു. കൃത്യം നടത്തി മമ്പറത്തു നിന്ന് കാറിൽ കുഴൽ മന്ദത്തെത്തിയെന്നും തുടർന്ന് കാറ് തകരാറിലായതിനെ തുടർന്ന് മറ്റ് വാഹനങ്ങളിൽ പല സ്ഥലങ്ങളിലേക്ക് പോയെന്നും പ്രതി മൊഴിയിൽ വ്യക്തമാകുന്നു. ഇന്നലെ അറസ്റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്.




ഇതിനിടെ അറസ്റ്റിലായ പ്രതിയെ കൃത്യം നടന്ന പാലക്കാട് മമ്പറത്ത് തെളിവെടുപ്പിനെത്തിച്ചു. അതീവ സുരക്ഷ ഒരുക്കിയാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. തിരിച്ചറിയൽ പരേഡ് നടക്കേണ്ടതിനാലും മറ്റ് പ്രതികൾ പിടിയിലാകാനുണ്ട് എന്നതിനാലും അറസ്റ്റിലായ ആളുടെ വിവരം പുറത്തുവിടാനാവില്ല എന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. മാത്രമല്ല സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളി ആയ 4 പേർക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പ്രതിപ്പട്ടികയിൽ 20 പേരോളം ഉണ്ടാവുമെന്നാണ് സൂചന.




കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി SDPI പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

Post a Comment

Previous Post Next Post