കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീനോട് മോശമായി പെരുമാറിയ ആലുവ സിഐ സുധീര്‍ മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുള്ള ഉദ്യോഗസ്ഥന്‍. മുന്‍പ് ഉത്ര കേസ് അടക്കം മുന്‍ രണ്ട് തവണ ജോലിയില്‍ വീഴ്ച വരുത്തിയിട്ടുള്ള ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണവും വകുപ്പ് തല നടപടികളും ഉണ്ടായിട്ടുണ്ട്.
ഉത്ര കൊലക്കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്ര കേസില്‍ ഇയാളുടെ വീഴ്ചയെപ്പറ്റിയുള്ള ആഭ്യന്തര അന്വേഷണം ഈ മാസം 19നാണ് പൂര്‍ത്തിയായത്.
അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് ഇതിനു മുന്‍പും സുധീര്‍ വിവാദം ഉണ്ടാക്കിയിട്ടുണ്ട്. 2020 ജൂണില്‍ നടന്ന ഈ സംഭവത്തില്‍ അന്ന് അഞ്ചല്‍ സിഐ ആയിരുന്ന ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു. കൊല്ലം റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇയാള്‍ ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാര്‍ശ.
അതേസമയം, മോഫിയ പര്‍വീന്റെ മൃതദേഹം അല്പ സമയം മുന്‍പ് വസതിയിലെത്തിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് അല്പസമയം മുന്‍പ് മൃതദേഹം വീട്ടിലെത്തിച്ചത്. അല്പ സമയത്തിനകം സംസ്‌കാരം നടക്കും. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടാണ് മോഫിയ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഇത് പോലീസിന് പ്രതിസന്ധി ആയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെയും മുഹ്‌സിന്റെയും വിവാഹം കഴിഞ്ഞത്.
ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി.
ഇന്നലെയാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാനായി മോഫിയ ആലുവ പോലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ തന്നോട് പോലീസ് മോശമായാണ് പെരുമാറിയതെന്നും സിഐ ചീത്ത വിളിച്ചെന്നുമാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ‘സിഐയ്ക്ക് എതിരെ നടപടി എടുക്കണമെന്നും കുറിപ്പിലുണ്ട്. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.
Post a Comment