സ്വര്‍ണക്കടത്തുകേസ്: ജാമ്യ നടപടികൾ പൂർത്തിയായി, സ്വപ്‌ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും

തിരുവനന്തപുരം: സ്വര്‍ണ കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്  ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യ രേഖകള്‍ ഇന്ന് അട്ടക്കുളങ്ങര ജയിലെത്തിച്ച ശേഷം സ്വപ്നക്ക് പുറത്തിറങ്ങാം.

പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ്.

എന്‍ഐഎ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് 3 ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി ജയില്‍ അധികൃതരെ അഭിഭാഷകനും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം വഴി ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നാണ് കേസ്. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരാണ് പ്രധാന പ്രതികള്‍. എന്‍ഐഎ, ഇഡി, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് കേസ് പ്രധാനമായി അന്വേഷിച്ചത്. ഏകദേശം ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്.

Post a Comment

Previous Post Next Post