ജാമ്യത്തിലിറങ്ങിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അമ്മ പ്രഭയുടെ കൈപിടിച്ചാണ് സ്വപ്ന ജയിലിന് പുറത്തിറങ്ങിയത്. കുടുംബ വീട്ടിലേക്കാണ് സ്വപനയും അമ്മയും പോയത്. ഇവിടെ വെച്ച് അഭിഭാഷകരുമായുൾപ്പെടെ ചർച്ച നടത്തിയ ശേഷമായിരിക്കും പ്രതികരിക്കുക. ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ ഇന്ന് രാവിലെയാണ് സ്വപ്നയുടെ അമ്മ അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. കുറച്ചു സമയം തരൂ, അതിനു ശേഷം പ്രതികരിക്കാമെന്ന് സ്വപ്നയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍ഐഎയുടെ കേസിലുൾപ്പെടെ ഹൈക്കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ മോചനം സാധ്യമായത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും സ്വപനയ്ക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികൾ സമർപ്പിക്കാൻ കഴിയാത്തതു കൊണ്ടായിരുന്നു ജയിലിൽ നിന്നും ഇറങ്ങാനാവാഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂർത്തിയായി.
കൊച്ചിയിലെ വിവിധ കോടതികളിലെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് സ്വപ്‌ന പുറത്തിറങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിയ കേസിന് പുറമെ, ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. ഒരു വര്‍ഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന പുറത്തിറങ്ങുന്നത്.
Post a Comment