കായികതാരങ്ങൾക്ക് ജോലി ഇല്ല; വകുപ്പ് കനിയാൻ പെരുവഴിയിൽ ശയനപ്രദക്ഷിണം






സ്പോര്‍ട്സ് ക്വാട്ട നിയമനങ്ങളില്‍ മുഖ്യമന്ത്രിയും കായികമന്ത്രിയും വാഗ്ദാനങ്ങള്‍ പാലിക്കാത്തതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കടുപ്പിച്ച് കായികതാരങ്ങള്‍. പെണ്‍കുട്ടികളടക്കം പെരുവഴിയില്‍ ശയനപ്രദക്ഷിണം നടത്തിയാണ് സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ പ്രതിഷേധിച്ചത്. തിങ്കള്‍ മുതല്‍ സമരം കൂടുതല്‍ കടുപ്പിക്കും.





മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും ഓഫീസുകള്‍ക്ക് മുന്നിലുള്ള പൊതുവഴിയിലാണ് ഈ സമരം. ഇതെങ്കിലും കണ്ട് അവര്‍ കണ്ണുതുറക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. പൊരിവെയിലത്ത്, വാഹനങ്ങള്‍ ചീറിപ്പായുന്ന വഴിയിലൂടെ ശയനപ്രദക്ഷിണം പലരെയും തളര്‍ത്തി. തലകറങ്ങി വീണു.
എന്നിട്ടും ജോലിയെന്ന ജീവിതപ്രതീക്ഷയ്ക്കായി അവര്‍ വീണ്ടും ഉരുണ്ടു.




സര്‍ക്കാര്‍ വാക്കുപാലിക്കുമെന്ന പ്രതീക്ഷയോടെ. പതിനൊന്ന് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടങ്ങിയിട്ട്. ചര്‍ച്ചയ്ക്ക് തയാറെന്ന് കായികമന്ത്രി പറഞ്ഞെങ്കിലും ചര്‍ച്ചക്ക് വിളിച്ചില്ല. മുഖ്യമന്ത്രിയുടെയും ഓഫീസില്‍ കയറിയിറങ്ങി ഇവര്‍ മടുത്തു.
സമരം കടുപ്പിക്കുന്നതിനൊപ്പം സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസുകളുടെ വാതിലും മുട്ടുകയാണ് ഇവര്‍. പാര്‍ട്ടി പറഞ്ഞാലെങ്കിലും സര്‍ക്കാര്‍ കേള്‍ക്കുമെന്ന വിശ്വാസത്തില്‍.



Post a Comment

Previous Post Next Post