ചാവി ഇല്ലാതെ സ്റ്റാർട്ടാക്കും; ചെത്തിപ്പായാൻ ബൈക്കുകളും ബുള്ളറ്റുകളും മോഷണം






താനൂർ: ചെത്തിപ്പായാൻ ബുള്ളറ്റും ബൈക്കുകളും പതിവായി കവർച്ച ചെയ്യുന്ന 2 യുവാക്കൾ പൊലീസ് വലയിലായി.  ഒഴൂർ കുട്ട്യാമാക്കാനകത്ത് മുഹമ്മദ്‌ യാസിർ (19), ഒരു പത്താം ക്ലാസ്  വിദ്യാർഥി എന്നിവരാണ് അറസ്റ്റിലായത്. നാടിനെ വിറപ്പിച്ച് നഗരത്തിൽ തുടർച്ചയായി ഈയിടെ ഒട്ടേറെ ബൈക്കുകൾ കളവ് പോയിരുന്നു. പൊലീസിനെയും കബളിപ്പിച്ചായിരുന്നു മോഷ്ടാക്കളുടെ രാവിലെ വരെയുള്ള ഒളിച്ചോട്ടം. തുടരെ ബൈക്കുകൾ മോഷണം പോയതോടെ പരാതി പ്രളയമായിരുന്നു.  




പൊലീസ് കേസെടുത്തതിനു പിന്നാലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. മോഷണം സ്റ്റേഷനിലെ നിശ്ചിത പ്രദേശങ്ങളിൽ നിന്നായിരുന്നു. മോഷ്ടിച്ച ഒരു ബൈക്കിന് നമ്പർ പ്ലേറ്റ് മാറ്റിയതായും തിരൂരിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് കീ  ഉണ്ടാക്കിയതായും പൊലീസ് പറഞ്ഞു. ചാവി ഇല്ലാതെ സ്റ്റാർട്ടാക്കുന്ന തന്ത്രം പഠിച്ചാണ് മോഷണത്തിന് ഇറങ്ങിയത്. 




ഉടൻ തന്നെ  നമ്പർ മാറ്റി ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കി വിൽപന നടത്തുന്നതിനായി ഒളിപ്പിച്ചു വയ്ക്കലായിരുന്നു ഇവരുടെ പതിവ്. സ്കൂളിലും  വിനോദയാത്ര പോകാനും  മോഷ്ടിച്ച ബൈക്ക് നമ്പർ  മാറ്റി ഉപയോഗിച്ചതായി ഇവർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 4 ബൈക്കുകളും കണ്ടെടുത്തു. താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ  എസ്ഐ എൻ.ശ്രീജിത്ത്‌, സീനിയർ സിപിഒ കെ.സലേഷ്, സിപിഒമാരായ എം.പി.സബറുദ്ധീൻ, കെ.കൃഷ്ണപ്രസാദ്, നവീൻ ബാബു, കെ.പങ്കജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Post a Comment

Previous Post Next Post