പാറക്കെട്ടിന്റെ ചെങ്കുത്തായ ചെരുവിൽ മാനുകൾ, വളഞ്ഞ് കാട്ടുനായ്ക്കൾ, വിഡിയോ





കൂറ്റൻ പാറക്കെട്ടിന്റെ ചെങ്കുത്തായ ചെരുവിൽ ഭയന്നുവിറച്ച് നിൽക്കുന്ന മാനുകളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മൂന്ന് മാനുകളാണ് കാട്ടുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി ചെങ്കുത്തായ പാറക്കെട്ടിൽ അഭയം പ്രാപിച്ചത്. ക്ലിപ്സ്പ്രിങർ വിഭാഗത്തിൽ ആഫ്രിക്കയിൽ കാണപ്പെടുന്ന മാനുകളാണിവ. പാറച്ചെരുവിൽ ഭയന്നു വിറച്ചുനിൽക്കുന്ന മാനുകളുടെ തൊട്ടടുത്തുവരെ കാട്ടുനായ്ക്കളെത്തി. ഭയന്നു താഴേക്കു ചാടിയാൽ പിടികൂടാനായി അവിടെയും കാട്ടുനായ്ക്കളുടെ സംഘം കാത്തുനിന്നിരുന്നു.





സൗത്ത് ആഫ്രിക്കയിലെ മാലാമാലാ വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. സഫാരി സംഘത്തിലുണ്ടായിരുന്ന ഗൈഡുകളായ സ്റ്റെഫ് മാക്‌വില്യം, മൈക്കിൾ ബോട്ടെസ് എന്നിവരാണ് ഈ സംഭവം ക്യാമറയിൽ പകർത്തിയത്. 21 അംഗങ്ങളുള്ള കാട്ടുനായ്ക്കളുടെ സംഘത്തെയാണ് സഫാരിവാഹനത്തിലുള്ളവർ ആദ്യം കണ്ടത്. പിന്നീടിവ ചെറുസംഘങ്ങളായി പിരിഞ്ഞ് വേട്ടയാടുന്നത് ആദ്യം കണ്ടത് സ്റ്റെഫ് മാക്‌വില്യം ആണ്. 





കാട്ടുനായ്ക്കളുടെ സംഘത്തിലെ പ്രായക്കുറവുള്ള സംഘമാണ് ക്ലിപ്‌സ്പ്രിങ്ങറുകളെ പാറക്കെട്ടിൽ വളഞ്ഞ് ആക്രമിക്കാൻ തുനിഞ്ഞത്. മുതിർന്ന കാട്ടുനായ്ക്കൾ ഈ വേട്ടയ്ക്ക് താൽപര്യം പ്രകടിപ്പിച്ചില്ലെന്നും ഇവർ വ്യക്തമാക്കി. ഒറ്റപ്പെട്ട മാനുകള്‍ പാറക്കെട്ടിന്റെ ചെരുവിലാണ് അഭയം തേടിയത്. കൂട്ടത്തിൽ ഒരു കാട്ടുനായ പാറച്ചെരുവിലേക്കിറങ്ങി മാനിനെ പിടിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെയും അടിപതറായെ പാറച്ചെരുവിലേക്ക് ശരീരം അൽപം താഴ്ത്തിപ്പിടിച്ചാണ് മാൻ രക്ഷപ്പെട്ടത്. ഭയപ്പെടുത്തി താഴേക്കു ചാടിച്ചാൽ അവിടേക്കു വീഴുമ്പോൾ പിടികൂടാനായി സംഘത്തിലുള്ള മറ്റ് നായ്ക്കളും പാറക്കെട്ടിനു താഴെ കാത്തുനിന്നിരുന്നു.





അൽപം നേരം കൂടി ക്ലിപ്‌സ്പ്രിങ്ങറുകളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ രക്ഷയില്ലെന്നു മനസ്സിലായതോടെ കാട്ടുനായ്ക്കൾ പിൻവാങ്ങുകയായിരുന്നു.
സാധാരണ ജീവികളായിരുന്നു പാറക്കെട്ടിൽ കാലുറപ്പിക്കാനാവാതെ അവ അപ്പോൾ തന്നെ കാട്ടുനായ്ക്കൾക്ക് ഇരയായേനെ. മലഞ്ചെരുവിൽ മാത്രം വസിക്കുന്ന ക്ലിപ്‌സ്പ്രിങ്ങറുകളുടെ കാൽപാദം മലമടക്കുകളിലും മറ്റും അനായാസേന പിടിച്ചുനിൽക്കാൻ പാകത്തിലുള്ളതാണ്.




ഇതുതന്നെയാണ് കാട്ടുനായ്ക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ഇവയ്ക്ക് തുണയായതും. എന്തായാലും ക്ലിപ്‌സ്പ്രിങ്ങറുകള്‍ രക്ഷപ്പെട്ട ആശ്വാസത്തിലാണ് സഫാരിസംഘം അവിടെനിന്നും മടങ്ങിയത്. നിരാശരായി മടങ്ങിയ കാട്ടുനായ്ക്കൾ അധികം വൈകാതെ തന്നെ വലിയൊരു ഇമ്പാലയെ വേട്ടയാടുന്നതും ഇവർ കണ്ടു.

വീഡിയോ കാണാൻ..👇







Post a Comment

Previous Post Next Post