ടിക്കറ്റിന് നൽകിയ 10 രൂപ കള്ളനോട്ടെന്ന് കണ്ടക്ടർ; അധിക്ഷേപിച്ചെന്ന് മന്ത്രിക്ക് പരാതി




കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത കൃഷി അസി. ഡയറക്ടറായ വനിത, ടിക്കറ്റിനു നല്‍കിയ 10 രൂപ നോട്ട് കള്ളനോട്ടാണെന്ന് പറഞ്ഞ് കണ്ടക്ടർ അപമാനിച്ചതായി പരാതി. യാത്രക്കാരുടെ മുന്നിൽ വച്ചു മാനസികമായി പീഡിപ്പിച്ച കണ്ടക്ടർക്ക് എതിരെ നടപടി ആവശ്യപ്പെട്ടു പരാതിക്കാരി പി.എസ്.സുപാൽ എംഎൽഎ വഴി ഗതാഗത മന്ത്രിക്കു പരാതി നൽകി.




ഏറ്റുമാനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അ‍ഞ്ചൽ പഴയേരൂർ അമാനിയ മൻസിൽ അൻസി എം.സലിമിനാണു ദുരനുഭവം ഉണ്ടായത്.ഇന്നലെ രാവിലെ 8.10 നു കെഎസ്ആർടിസി പത്തനംതിട്ട സ്റ്റാൻഡിൽനിന്നു പുറപ്പെട്ട കോയമ്പത്തൂർ സൂപ്പർഫാസ്റ്റിൽ കയറിയ അൻസി ഏറ്റുമാനൂരിലേക്ക് 83 രൂപയുടെ ടിക്കറ്റ് എടുത്തു. നൽകിയ നോട്ടുകളിലെ 10 രൂപ കള്ളനോട്ടാണെന്നു പറഞ്ഞ് കണ്ടക്ടർ അപമാനിക്കുകയും പൊലീസിൽ ഏൽപിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു പരാതി.




താൻ നൽകിയത് കള്ളനോട്ട് അല്ലെന്ന നിലപാടിൽ അൻസി ഉറച്ചു നിൽക്കുകയും നിയമ നടപടിയിൽ ഭയമില്ലെന്നു വ്യക്തമാക്കുകയും ചെയ്തതോടെ കണ്ടക്ടർ അയഞ്ഞു. പ്രശ്നം വഷളാകുമെന്നു മനസ്സിലായതോടെ കണ്ടക്ടർ പിന്നീട് ഈ നോട്ട് സ്വീകരിക്കുകയും ചെയ്തു. പിതാവിനു പത്തനംതിട്ട ട്രഷറിയിൽ നിന്നു ലഭിച്ച നോട്ടാണെന്നു അൻസി, മന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.

Post a Comment

Previous Post Next Post