18 വയസ് തികഞ്ഞെന്ന് കാരണം: അടൂരിൽ വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; നടപടിയെടുക്കാതെ പൊലീസും





പത്തനംതിട്ട:അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നിറക്കി വിട്ടെന്ന് പരാതി. ഏനാത്ത് സ്വദേശി അഖിലിനെ പതിനെട്ട് വയസ്സ് പൂർത്തിയായെന്നു പറഞ്ഞാണ് ഇറക്കി വിട്ടത്.




ഹയർ സെക്കന്ററി പരീക്ഷ പോലും കഴിയാത്ത അഖിൽ ഇപ്പോൾ മൊബൈൽ ഫോൺ സർവീസ് സെന്ററിൽ ജോലി ചെയ്യുകയാണ്. അടൂർ ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് അഖിൽ. പഠിക്കാൻ മിടുക്കൻ. പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. പക്ഷെ സ്വന്തം വീട്ടിൽ നിന്ന് ഈ 18 കാരന് അനുഭവിക്കേണ്ടി വന്നത് ദുരിതങ്ങൾ മാത്രമാണ്.




വീട്ടിലുണ്ടായിരുന്ന സമയത്ത് അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ചിട്ടുണ്ടെന്നും ആഹാരം പോലും കൊടുക്കാറില്ലായിരുന്നെന്നും അഖിൽ പറയുന്നു. അധ്യാപകരുടെ സഹായത്തോടെയാണ് പലപ്പോഴും പഠന ചെലവുകൾ നടന്നിരുന്നത്. വീട്ടിൽ നിന്നിറക്കി വിട്ടതിന് പിന്നാലെ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പക്ഷെ കേസെടുത്തതല്ലാതെ തുടർ നടപടികൾ ഉണ്ടായില്ല.




നിലവിൽ ജോലി ചെയ്യുന്ന മൊബൈൽ ഫോൺ കടയിലെ ജീവനക്കാർക്കൊപ്പമാണ് അഖിൽ താമസിക്കുന്നത്. ഇടയ്ക്ക് കൊല്ലം പട്ടാഴിയിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിൽ പോകും. അഖിലിന്റെ ചെറുപ്പത്തിലെ അമ്മ ഉപേക്ഷിച്ച് പോയതാണ്. അമ്മയും അച്ഛനും ബന്ധം പിരിഞ്ഞതിന് പിന്നാലെ ഇരുവരുടെയും പേരിലുണ്ടായിരുന്ന സ്ഥലം വിറ്റു. കിട്ടിയ പണത്തിന്റെ ഒരു വിഹിതം അഖിലിന്റെ പേരിൽ ബാങ്കിൽ സ്ഥിര നിക്ഷേപമായി ഇട്ടിരുന്നു.




ഈ പണവും ഇപ്പോൾ കൊടുക്കില്ലെന്ന നിലപാടിലാണ് അച്ഛനും അമ്മയുമെന്നാണ് അഖിലിന്റെ പരാതി. ഹയർസെക്കന്ററിക്ക് ശേഷം എങ്ങനെ തുടർ വിദ്യാഭ്യാസം നടത്തുമെന്ന ആശങ്കയിലാണ് അഖിൽ. നിലവിലെ തുച്ഛമായ വരുമാനം കൊണ്ട് ഒന്നും നടക്കില്ല.

Post a Comment

Previous Post Next Post