‘പുലിവാൽ പിടിച്ച്’ പുള്ളിപ്പുലി, ഇടപെട്ടത് കടുവകളുടെ വഴക്കിനിടയിൽ; മരത്തിലിരുന്നത് 7 മണിക്കൂർ






തികച്ചും കൗതുകകരവും രസകരവുമായ ഒരു വഴക്കിന്റെ കഥയാണ് മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ നിന്നു വരുന്നത്. രണ്ടു പെൺകടുവകൾ തമ്മിലുള്ള വമ്പൻ വഴക്കിൽ ഇടപെട്ട പുലി അക്ഷരാർഥത്തിൽ ‘പുലിവാൽ പിടിച്ചു’. ഒടുവിൽ രക്ഷപ്പെടാൻ മരത്തിലിരുന്നത് 7 മണിക്കൂറാണ്. ബാന്ധവ്ഗഡിലെ പറ്റോർ റേഞ്ചിലാണ് പെൺകടുവകൾ തമ്മിൽ വമ്പൻ വഴക്കും പോരും തുടങ്ങിയത്. താമസിയാതെ കൈയാങ്കളിയായി. കൂട്ടത്തിൽ ആരോഗ്യം കുറഞ്ഞ പെൺകടുവയെ കരുത്തയായ എതിരാളി തലങ്ങും വിലങ്ങും ആക്രമിക്കുകയും ധാരാളം പരുക്കുകൾ വരുത്തുകയും ചെയ്തു. മൃതപ്രായയായ അവസ്ഥയിലായി ദുർബലയായ പെൺകടുവ.





എന്നാൽ ഇതിനിടയിൽ അതുവഴി പോയ ഒരു പുലി വന്നുപെട്ടു. കരുത്തയായ പെൺകടുവയുടെ ശ്രദ്ധ വിവിധനീക്കങ്ങളിലൂടെ തിരിച്ച പുലി ദുർബലയായ പെൺകടുവയെ രക്ഷപ്പെടാൻ സഹായിച്ചു. കാര്യം അവിടെത്തീർന്നെന്നു കരുതിയെങ്കിലും പെൺകടുവ വലിയ ദേഷ്യത്തിലായി. തന്റെ എതിരാളിയെ രക്ഷപ്പെടാൻ സഹായിച്ച പുലിക്കുനേരെയാണ് പെൺകടുവയുടെ ദേഷ്യം തീർത്തത്. ഇതോടെ പുലിയെ ആക്രമിക്കാനായി പെൺകടുവ പിന്നാലെയോടി. തനിക്കു പണികിട്ടി എന്നു മനസ്സിലാക്കിയ പുലി അതിനേക്കാൾ വേഗത്തിൽ ഓടി. എന്നാൽ കടുവ അടുത്തടുത്ത് എത്തുകയായിരുന്നു.





രക്ഷപ്പെടാൻ മറ്റു മാർഗമൊന്നുമില്ലാതായ പുലി അടുത്തുള്ള ഒരു മരത്തിലേക്കു ചാടിക്കയറി. രാവിലെ എട്ടുമണിക്കായിരുന്നു ഈ സംഭവം. പുലിയെ പിന്തുടർന്നു വന്ന പെൺകടുവ പിൻമാറാൻ ഒരുക്കമായിരുന്നില്ല. അത് പുലി തിരിച്ചിറങ്ങുന്നതും കാത്ത് മരത്തിനു കീഴിൽ ഇരുന്നു. കടുവകൾക്കും മരംകയറാൻ അറിയാമെങ്കിലും പുലികളെപ്പോലെ പറ്റില്ല. മാത്രമല്ല, പ്രായം കൂടുന്തോറും ശരീരഭാരം കൂടുന്നതിനാൽ കടുവകൾ പരമാവധി മരം കയറുന്നത് ഒഴിവാക്കുകയും ചെയ്യും. ഏതായാലും ബാന്ധവ്ഗഡിലെ കടുവ മരം കയറാൻ മിനക്കെട്ടില്ല. ദേഷ്യത്താൽ അലറിവിളിച്ച് ഗർജിച്ചുകൊണ്ട് മരച്ചുവട്ടിലിരുന്നു.




ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കടുവ പോയെന്നു കരുതി പുലി താഴെയിറങ്ങി. എന്നാൽ പെൺകടുവ പോയിട്ടില്ലായിരുന്നു. പുലിക്കു നേരെ ചാടിക്കൊണ്ട് കടുവ ആക്രമിക്കാൻ ശ്രമിച്ചു. പണി വീണ്ടും പാളിയെന്നു മനസ്സിലാക്കിയ പുലി തിരിച്ചു മരത്തിൽ കയറി. ഇതിനിടെ കടുവയിൽ നിന്നു രക്ഷപ്പെടാൻ പുലി മറ്റൊരു ട്രിക്ക് പുറത്തെടുത്തു. ഇരുന്ന മരത്തിൽ നിന്നു മറ്റു മരങ്ങളുടെ കൊമ്പിലേക്കു ചാടിച്ചാടി രക്ഷപ്പെടാനായിരുന്നു ഈ ശ്രമം. എന്നാൽ ഇതു മനസ്സിലാക്കിയ കടുവ പുലിയെ പിന്തുടർന്നു. ഇതുകൊണ്ടും രക്ഷയില്ലെന്നു മനസ്സിലാക്കിയ പുലി ഒടുവിൽ മരത്തിൽ തന്നെയിരുന്നു.





ഏതായാലും വൈകുന്നേരം മൂന്നായതോടെ കടുവയുടെ ദേഷ്യം കുറച്ചൊന്നു ശമിച്ചു. അതു സ്ഥലം വിട്ടു. കുറച്ചുനേരം കൂടി മരത്തിനു മുകളിൽ ഇരുന്ന് സുരക്ഷിതനാണെന്ന് ഉറപ്പാക്കിയ ശേഷം പുലിയും താഴെയിറങ്ങി. നീണ്ട നേരം പരിഭ്രമിച്ച് മരക്കൊമ്പിലിരുന്നതിനാൽ നന്നേ ക്ഷീണിതനായിരുന്നു പുലി. ശക്തയായ പെൺകടുവയോട് പോരടിച്ച് പരുക്ക് പറ്റിയ ദുർബലയായ പെൺകടുവയെ പിന്നീട് കടുവാ സങ്കേതത്തിന്റെ അധികൃതർ കണ്ടെത്തുകയും ഇതിനു ചികിത്സ നൽകുകയും ചെയ്തു. 124 കടുവകൾ ജീവിക്കുന്ന കടുവാ സങ്കേതമാണ് ബാന്ധവ്ഗഡ്.

Post a Comment

Previous Post Next Post