മുതലയോ, പോട്ടെ ‘പുല്ല്’! ആ വൈറൽ ദൃശ്യത്തിൽ കണ്ട 72കാരി ‘ധീരവനിത’ ഇതാ





അതിരപ്പിള്ളി : ഈ കാർത്തമ്മ ഒരു ‘മുതലാ’. അതിരപ്പിള്ളിയിലെ നാട്ടുകാരെല്ലാം ഇപ്പോൾ പറയുന്നത് ഇതാണ്. അതിരപ്പിള്ളി വെറ്റിലപ്പാറയിൽ പുഴയിൽ പാറപ്പുറത്തു കിടക്കുന്ന മുതലയ്ക്കു സമീപം ഇതൊന്നും വകവയ്ക്കാതെ പുല്ലരിഞ്ഞ അമ്മൂമ്മ. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ആ ദൃശ്യത്തിൽ കണ്ട 72കാരി ‘ധീരവനിത’യെ വനിതാ ദിനത്തിൽ ഇതാ അവതരിപ്പിക്കുന്നു. കൂട്ടാലപ്പറമ്പിൽ കാർത്തമ്മ! ഞായർ വൈകിട്ട് നാലരയോടെയാണു പുഴയ്ക്കു നടുവിൽ കാർത്തമ്മ പുല്ലരിയാനെത്തിയത്.




മുതല അടുത്തുള്ളതു കണ്ടിരുന്നോ എന്നു ചോദിച്ചാൽ ‘ ഓ, പുല്ലരിയാൻ തുടങ്ങിയാൽപ്പിന്നെ ഞാൻ അതൊന്നും നോക്കാറില്ലെന്നേ’ എന്നാണു കാർത്തമ്മ പറയുന്നത്. ‘ഞങ്ങൾ കാണാതിരുന്നത് രണ്ടാൾക്കും നന്നായി എന്നും’. പ്ലാന്റേഷൻ കോർപറേഷനിൽ 35 വർഷം ജോലിചെയ്തു. വിരമിച്ച ശേഷം 15 പശുക്കളുടെ കാവലാളാണ്. 5 പൂച്ചയും 4 പട്ടികളും വേറെ. പുലർച്ചെ 5 മണിയോടെ തുടങ്ങുന്ന ജോലി രാത്രി എട്ടിന് അരുമ മൃഗങ്ങൾക്ക് അത്താഴം വിളമ്പി കഴിയുന്നതോടെ പൂർത്തിയാകും.




60 വർഷമായി പുഴയുടെ തീരത്തുള്ള ക്വാർട്ടേഴ്‌സിൽ കഴിയുന്ന ഇവർക്ക് മുതലയൊരു പുത്തരിയല്ല. കുളിക്കാനും അലക്കാനും പുഴയിൽ ചെല്ലുമ്പോൾ കാണാറുണ്ട്. തന്നെ കാണുമ്പോൾ വെള്ളത്തിൽ ഒളിക്കുന്ന അവർ പാവങ്ങളാണെന്നു കാർത്തമ്മ പറയുന്നു. ആളുകൾ ഉപേക്ഷിച്ച പട്ടിക്കും പൂച്ചയ്ക്കും കാർത്തമ്മ തണലൊരുക്കാറുണ്ടെന്നു മക്കൾ പറയുന്നു. വേണമെങ്കിൽ മുതലയെയും നോക്കാമെന്നാണു കാർത്തമ്മയുടെ ‘ഒരിത്’. ഇനിയും അവിടെത്തന്നെ പുല്ലരിയാൻ പോകുമെന്നൊരു ‘ഭീഷണി’യും.

Post a Comment

Previous Post Next Post