8 വർഷം മുൻപ് വിറ്റ തയ്യൽ മെഷീൻ തിരികെ വേണം; പരാതി, പാർട്ടി ഇടപെടുമെന്നു മുൻ എംഎൽഎ





8 വർഷം മുൻപ് വിറ്റ തയ്യൽ മെഷീൻ ഇപ്പോഴത്തെ ഉടമയിൽ നിന്നു തിരികെ വാങ്ങിനൽകണമെന്നു പഴയ ഉ‌‌‌ടമയുടെ പരാതി. പഴയ ഉടമ 10,000 രൂപ നൽകുമെന്നും തയ്യൽ മെഷീൻ തിരികെ നൽകണമെന്നും ഇല്ലെങ്കിൽ പാർട്ടി ഇടപെടുമെന്നും മുൻ എംഎൽഎയു‌ടെ മുന്നറിയിപ്പ്. പൊലീസ് ഇരു കൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. തങ്ങൾക്ക് ഇതിലൊന്നും ചെയ്യാനില്ലെന്നും ഇരുകൂട്ടരും സംസാരിച്ചു തീർക്കാനും പൊലീസിന്റെ ഉപദേശം. എച്ച്എംട‌ി ജംക്‌ഷനിലെ രണ്ട് തയ്യൽ തൊഴിലാളികൾക്കിടയിലാണു വിചിത്രമായ തർക്കം ഉടലെടുത്തത്.




ഇവരിൽ ഒരാൾ വിറ്റ തയ്യൽമെഷീൻ മറ്റേയാൾ 8 വർഷം മുൻപ് 8,000 രൂപ കൊടുത്താണു വാങ്ങിയത്. ഇന്നലെ രാവിലെയാണ് താൻ വിറ്റ തയ്യൽ മെഷീൻ തിരികെ വേണമെന്ന ആവശ്യം പഴയ ഉടമ ഉയർത്തിയത്. മുൻ എംഎൽഎയും ഈ ആവശ്യം ഉന്നയിച്ചു. തുടർന്ന് പരാതി പൊലീസ് സ്റ്റേഷനിലെത്തി. പഴയ ഉടമ കുടുംബ സമേതമാണു പൊലീസ്‌ സ്റ്റേഷനിൽ എത്തിയത്.




കാരണമില്ലാതെ തന്നെ പൊലീസ്‌ സ്റ്റേഷനിൽ കയറ്റിയതിന്റെ നീരസം ഇപ്പോഴത്തെ ഉടമ മറച്ചുവച്ചില്ല. പഴയ ഉടമയുടെ കുടുംബം ശാപവാക്കുകൾ ഉതിർത്തതോടെ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. 10,000 രൂപ വാങ്ങി തയ്യൽമെഷീൻ തിരികെ നൽകുകയും ചെയ്തു. ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇരുവരും സമ്മതപത്രം എഴുതി നൽകിയതോടെ പൊലീസുകാർക്കും സമാധാനമായി.

Post a Comment

Previous Post Next Post