അഗ്നിഗോളം തേടി നടന്നത് ഒന്നരവർഷം: കണ്ടെത്തിയത് ഒരു കോടി രൂപ വിലവരുന്ന ഉൽക്കാശില




അസാധാരണമായ കാര്യങ്ങൾ കണ്ടാൽ കൗതുകംകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇറങ്ങിത്തിരിക്കുന്നവരുണ്ട്. അത്തരത്തിൽ ഒരാളാണ് യുകെയിലെ നോർത്ത് വെയ്ൽസ് സ്വദേശിയായ ടോണി വിൽഡിങ് എന്ന 38 കാരൻ. തന്റെ വീടിന്റെ അടുത്തുകൂടി ഒരു അഗ്നിഗോളം കടന്നു പോകുന്നത് കണ്ട അദ്ദേഹം ഒന്നര വർഷമാണ് അത് വന്നു പതിച്ച സ്ഥലം തേടി നടന്നത്. 



ഒരു ദിവസം രാത്രി വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ യാദൃഛ്ചികമായി അഗ്നിഗോളം കടന്നുപോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഏറെ താഴ്ന്നു നീങ്ങിയ അഗ്നിഗോളം ടോണിയുടെ വീട് കടന്ന് അല്പം കഴിഞ്ഞപ്പോൾ അപ്രത്യക്ഷമായി. ഭൂമിയിൽ പതിക്കുന്നതിന്റെ യാതൊരുവിധ ശബ്ദങ്ങളും കേട്ടതുമില്ല. അതോടെ അഗ്നിഗോളം പതിച്ചത് എവിടെയെന്ന് കണ്ടെത്തണമെന്ന് ടോണി തീരുമാനിക്കുകയായിരുന്നു. 



അഗ്നിഗോളം കടന്നുപോയ പ്രദേശത്തുകൂടി ടോണി പതിവായി പലതവണ സഞ്ചരിച്ചു. സംശയം തോന്നിയ ശിലകളിൽ ചിലത് വീട്ടിൽ കൊണ്ടുവന്നു പരിശോധിക്കുകയും ചെയ്തു. എന്നാൽ  അപ്പോഴൊക്കെയും നിരാശയായിരുന്നു ഫലം. അന്വേഷണം ഒരു വർഷം പിന്നിട്ടിട്ടും പിന്തിരിയാൻ ടോണി തയ്യാറായിരുന്നില്ല. ഒടുവിൽ ഉഴുതിട്ടിരുന്ന ഒരു കൃഷിയിടത്തിൽ നിന്നുമാണ് ഉൽക്കാശില അദ്ദേഹം കണ്ടെത്തിയത്. മണ്ണു മൂടിയ നിലയിൽ ആയിരുന്നു ശില. ഗ്ലാസ് പോലെയുള്ള ഭാഗവും വെള്ള നിറവും കലർന്ന ശില കാഴ്ചയിൽ തന്നെ സാധാരണ പാറകളിൽ നിന്നും വ്യത്യസ്തമാണ്.



ശില കണ്ടെത്തിയശേഷം വിദഗ്ധരുടെ അഭിപ്രായവും ടോണി തേടിയിരുന്നു. അങ്ങനെ കണ്ടെത്തിയത് ഉൽക്കാശിലയാണെന്ന്  ഉറപ്പിക്കുകയും ചെയ്തു. ഒരു കിലോഗ്രാം മാത്രമാണ് ശിലയുടെ ഭാരം. ഒരു കോടി രൂപയ്ക്ക് മുകളിൽ  വിലമതിപ്പുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അഗ്നിഗോളങ്ങളെക്കുറിച്ചുള്ള രേഖകൾ സൂക്ഷിക്കുന്ന റജിസ്റ്ററിൽ ടോണിയുടെ കണ്ടെത്തലും രേഖപ്പെടുത്തിയിട്ടുണ്ട്.


Post a Comment

Previous Post Next Post