കേരളം– യുഎഇ ടിക്കറ്റ് നിരക്ക് കുതിക്കുന്നു; ഇനിയും കൂടിയേക്കും; കാരണങ്ങള്‍




അബുദാബി: അവധിക്കു നാട്ടിലേക്കു യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ വിമാന ടിക്കറ്റ് നിരക്ക് വർധിച്ചു. യുഎഇ–കേരള സെക്ടറിൽ 3000–8300 രൂപ വരെയും കേരള–യുഎഇ സെക്ടറിൽ 3000–6000 രൂപയുടെയും വർധനയാണ് ഉണ്ടായത്.



വിഷു, റമസാൻ, പെരുനാൾ എന്നിവ പ്രമാണിച്ച് നിരക്ക് ഇനിയും കൂടുമെന്നാണു സൂചന. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവും സ്കൂൾ അവധിയും ദുബായ് എക്സ്പോ തീരുന്നതും മൂലം യാത്രക്കാരുടെ എണ്ണം കൂടിയതാണ് നിരക്കു വർധിക്കാൻ കാരണം.  27 മുതൽ രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിൻവലിക്കുന്നതോടെ നിരക്കു കുറയുമെന്ന് പ്രതീക്ഷിച്ച പ്രവാസികളെ നിരാശരാക്കുന്നതാണ് എയർലൈനുകളുടെ നടപടി.



കോവിഡ് ഭീതിയിൽ യാത്ര ചെയ്യാൻ മടിച്ചിരിക്കുന്നവരെ ആകർഷിക്കാൻ നിരക്കു കുറയ്ക്കുമെന്ന സൂചന എയർലൈനുകൾ നൽകിയിരുന്നെങ്കിലും ബുക്കിങ് കൂടിയതോടെ നിരക്കു കൂട്ടുകയായിരുന്നു. യുഎഇയിൽ വാർഷിക പരീക്ഷ കഴിഞ്ഞ് 3 ആഴ്ചത്തെ അവധി ലഭിച്ചതോടെ പലരും കുടുംബമായി നാട്ടിലേക്കു പോകാൻ തുടങ്ങിയിരുന്നു. നാട്ടിൽ 2 മാസത്തേക്കു സ്കൂൾ അടയ്ക്കുന്നതോടെ യുഎഇയിലേക്കു വരുന്ന കുടുംബങ്ങളുടെ എണ്ണവും കൂടും.



വിഷു, റമസാൻ, പെരുന്നാൾ തുടങ്ങി ആഘോഷ വേളകളിൽ യാത്രക്കാരുടെ തിരക്കു മുന്നിൽകണ്ട് ഓൺലൈനിൽ നിരക്ക് കൂട്ടിവച്ചിരിക്കുകയാണ് എയർലൈനുകൾ. അതുകൊണ്ടുതന്നെ മേയ് ആദ്യവാരം വരെ നിരക്കിൽ കാര്യമായ കുറവുണ്ടാകില്ലെന്നാണ് സൂചന.  കഴിഞ്ഞ ആഴ്ച യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിവിധ സെക്ടറിലേക്ക് വൺവേയ്ക്ക് 350 ദിർഹത്തിന് (7262 രൂപ) കിട്ടിയിരുന്ന ടിക്കറ്റിനിപ്പോൾ ചില എയർലൈനുകളിൽ 150 മുതൽ 700 ദിർഹം (14525 രൂപ) വരെ ഉയർത്തി.



വിമാന ഇന്ധന വില ഉയർന്നതും കഴിഞ്ഞ 2 വർഷങ്ങളിലെ നഷ്ടവും നികത്താൻ മറ്റു വഴികളില്ലെന്നാണ് എയർലൈനുകളുടെ നിലപാട്. ഗോ ഫസ്റ്റ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ ഇന്ത്യൻ കമ്പനികളുടെ നിരക്കിനെക്കാൾ കൂടുതലാണ് എയർ അറേബ്യ, എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വിദേശ വിമാന കമ്പനികളുടേത്.

Post a Comment

Previous Post Next Post