വീടിനുള്ളില്‍ അപൂര്‍വമായെങ്കിലും വിഷപ്പാമ്പുകള്‍ കയറാറുണ്ട്. വീട്ടുകാര്‍ക്കു കടിയേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ യുവതിയുടെ ഓഫിസ് മുറിയില്‍ കയറിക്കൂടിയത് ഉഗ്രവിഷമുള്ള പാമ്പായിരുന്നു. മുറിയിലെ മേശവലിപ്പിലായിരുന്നു ചുറ്റിപ്പിണഞ്ഞ നിലയില്‍ പാമ്പിനെ കണ്ടെത്തിയത്.
പരിഭ്രാന്തയായ യുവതി ഭാഗ്യംകൊണ്ട് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. എലികളുടെയും മറ്റും ശല്യം ഓഫീസ് മുറിയിൽ രൂക്ഷമായതിനെ തുടർന്നാണ് ഇവർ വൃത്തിയാക്കാനിറങ്ങിയത്. അങ്ങനെ മേശവലിപ്പ് തുറന്നപ്പോൾ അതിനുള്ളിൽ വലിയ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഒറ്റനോട്ടത്തിൽ ഭയന്നുവിറച്ചെങ്കിലും പെട്ടെന്ന് തന്നെ സംയമനം വീണ്ടെടുത്ത് മേശ അടയ്ക്കാൻ മുതിരാതെ അവർ പിന്നിലേക്ക് നീങ്ങി.
ഉടൻതന്നെ മുറിക്കു പുറത്തുകടന്നു വാതിൽ അടച്ചശേഷം പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. അധികം വൈകാതെ ബ്രിസ്ബെയ്ൻ നോർത്ത് സ്നേക്ക് ക്യാച്ചേഴ്സ് ആൻഡ് റീലൊക്കേഷൻ എന്ന സംഘടനയിലെ വിദഗ്ധർ സ്ഥലത്തെത്തി. ഇവർ ഓഫിസ് മുറിക്കുള്ളിൽ കയറി പരിശോധിക്കുമ്പോഴേക്കും പാമ്പ് ഡ്രോയറിനുള്ളിൽനിന്നും മുറിയുടെ മറ്റൊരു ഭാഗത്തേക്ക് നീങ്ങിയിരുന്നു.
ബ്രൗൺ സ്നേക് ഇനത്തിൽപ്പെട്ട അഞ്ച് അടി നീളമുള്ള പാമ്പാണ് മേശക്കുള്ളിൽ പതുങ്ങിയിരുന്നത്. ഉഗ്രവിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പാണിത്. മുറിക്കുള്ളിൽ പരിശോധിച്ച് പാമ്പിനെ പിടികൂടിയ ശേഷംഅതിനെ പുറത്തെത്തിച്ചു സുരക്ഷിതമായ സ്ഥലത്തേക്ക് തുറന്നു വിട്ടതായി സംഘടന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
Post a Comment