അര്‍ധരാത്രിയില്‍ നിര്‍ത്താതെ ഓടുന്ന കൗമാരക്കാരന്‍; വിഡിയോക്ക് പിന്നിലെ കഥ





അര്‍ധരാത്രിയില്‍ നോയ്ഡയിലെ റോഡിലൂടെ ഓടുന്ന ഒരു കൗമാരക്കാരനൻ പയ്യനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം‍. ഒന്നും രണ്ടും അല്ലാ ജോലി കഴിഞ്ഞ് ദിവസവും 10 കിലോമീറ്റര്‍  ഓടിയാണ്  ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് മെഹ്റ വീട്ടിലെത്തുന്നത്.




തോളില്‍ ബാഗുമിട്ട് അര്‍ധരാത്രി നോയ്ഡയിലെ റോഡിലൂടെ ഓടുന്ന ഒരു കൗമാരക്കാരനെ കണ്ട സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രി തന്റെ കാറില്‍ കയറിക്കോളൂ താമസസ്ഥലത്ത് ആക്കിത്തരാമെന്ന് പറഞ്ഞു. പക്ഷെ വിനോദ് കാപ്രിയുടെ വാഗ്ദാനം നിരസിച്ച് വിയര്‍ത്തു കുളിച്ച് മുന്നോട്ടോടുകയാണ് ആ കൗമാരക്കാരൻ. അവന്‍റെ ഈ ഓട്ടത്തിനും പിന്നില്‍ കാരണവുമുണ്ട്.




സൈന്യത്തില്‍ ചേരുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ കഠിനാധ്വാനം. വിനോദ് കാപ്രി നോയിഡ റോഡിലൂടെ കാറോടിച്ചു പോകുമ്പോഴാണ് ഓടിപ്പോകുന്ന പ്രദീപിനെ കാണുന്നത്. കാറില്‍ വീട്ടിലെത്തിക്കാമെന്ന് കാപ്രി പറഞ്ഞെങ്കിലും പ്രദീപ് അത് സ്നേഹത്തോടെ നിരസിച്ചു. എന്നാൽ വിനോദ് കാപ്രി വീണ്ടും അവനോട് കാര്യങ്ങൾ ചോദിക്കുന്നു.




അപ്പോഴാണ് അര്‍ധരാത്രിയിലെ ഓട്ടത്തിനു പിന്നിലെ കാരണം പ്രദീപ് വെളിപ്പെടുത്തിയത്. മക്‌ഡൊണാൾഡ്‌സ് സെക്ടർ 16ലെ ഷിഫ്റ്റ് കഴിഞ്ഞ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഓടുകയായിരുന്നുവെന്ന് പ്രദീപ് പറഞ്ഞു. പിന്നീട് പലതവണ വിനോദ് കാപ്രി ലിഫ്റ്റ് വാഗ്ദാനം ചെയ്തെങ്കിലും പ്രദീപ് നിരസിക്കുകയാണുണ്ടായത്. പകല്‍ സമയത്ത് ഓടാന്‍ സമയമില്ലെന്നും അതുകൊണ്ടാണ് രാത്രിയില്‍ ഓടുന്നതെന്നുമാണ് പ്രദീപ് മെഹ്റ പറഞ്ഞത്.




സൈന്യത്തില്‍ ചേരുക എന്നതാണ് തന്‍റെ ഏറ്റവും വലിയ സ്വപ്നമെന്നും മെഹ്റ വ്യക്തമാക്കി.ഇളയ സഹോദരനോടും അമ്മയോടും ഒപ്പമാണ് പ്രദീപിന്‍റെ താമസം. അമ്മ രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലാണ്. കാറോടിക്കുന്നതിനിടയില്‍ പ്രദീപിനോട് സംസാരിക്കുന്ന വിഡിയോയും കാപ്രി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതാണ് യഥാര്‍ഥ സ്വര്‍ണം എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.




നാല് മില്യണിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ഉണ്ണിമുകുന്ദൻ അടക്കമുള്ള താരങ്ങളും വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 

Post a Comment

Previous Post Next Post