5ജി ലേലം മൂന്നാം ദിനത്തിൽ; ഇന്നും കമ്പനികൾ വാശിയോടെ രംഗത്തിറങ്ങും 5G network



ന്യൂഡൽഹി: 5ജി സ്‍പെക്ട്രത്തിനായുള്ള ടെലികോം കമ്പനികളുടെ ലേലം മൂന്നാം ദിനത്തിലേക്ക് കടന്നു. 1.49 ലക്ഷം കോടിയുടെ ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. ആദ്യ ദിനം 1.45 ലക്ഷം കോടിക്കാണ് സ്‍പെക്ട്രം വിറ്റുപോയത്. എന്നാൽ, പരമാവധി ലേലത്തുക ഇത്തവണ 1.60 ലക്ഷം കോടി കടക്കില്ലെന്നാണ് വിലയിരുത്തൽ.


700 മെഗാഹെട്സ്, 3,300 മെഗാഹെഡ്സുകളിൽ ലേലത്തിന് കൂടുതൽ ആവശ്യക്കാരുണ്ടായിരന്നു. യു.പിയിലെ കിഴക്കൻ സർക്കിളിലെ 1,800 മെഗാഹെട്സ് ബാൻഡിനായും കമ്പനികൾ വാശിയോടെ ലേലത്തിനുണ്ടായിരുന്നു. സ്‍പെക്ട്രത്തിനായി എല്ലാ ബാൻഡിലും നല്ല മത്സരമുണ്ടായിരുന്നുവെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ആണ് ലേലത്തിൽ ഏറെ മുന്നിൽ. ലേലത്തിന്റെ പൂർണ വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 80,100 കോടി രൂപ വിലമതിക്കുന്ന ഏറ്റവും ഉയർന്ന തരംഗത്തിനായി ജിയോ ശക്തമായ മത്സരമാണ് നടത്തുന്നതെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ വിശകലന വിദഗ്ധർ വിലയിരുത്തി. പ്രീമിയം 700 മെഗാഹെട്സ് ബാൻഡിൽ 10 മെഗാഹെട്സ് സ്‌പെക്‌ട്രം റിലയൻസിന് ലഭിച്ചതായാണ് സൂചന. 14,000 കോടി മുൻകൂറായി കെട്ടിവെച്ചതിനാൽ പ്രീമിയം തലത്തിലുള്ള 700 മെഗാഹെട്സ് സ്പെക്ട്രം ലഭിക്കുന്നതിനായുള്ള യോഗ്യത റിലയൻസ് ജിയോ നേരത്തേ നേടിയിരുന്നു.അതേസമയം, സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെൽ, ഗൗതം അദാനിയുടെ അദാനി ഡേറ്റ നെറ്റ്‍വർക്സ്, വോഡഫോൺ എന്നീ കമ്പനികളും ലേലത്തിൽ സജീവമായി രംഗത്തുണ്ട്. 45,000 കോടി വിലമതിക്കുന്ന 2100 മെഗാഹെട്സ് ബാൻഡിൽ 1800 മെഗാഹെട്സ് സ്പെക്ട്രം ഭാരതി എയർടെല്ലിന് ലഭിക്കാനാണ് സാധ്യത.


നേരത്തേ പ്രതീക്ഷിച്ചതിനേക്കാൾ 20 ശതമാനം അധികം തുകയാണ് ഭാരതി എയർടെൽ ഇത്തവണ ഇതിനായി ചെലവഴിച്ചത്. 18,400 കോടി വിലമതിക്കുന്ന സ്പെക്ട്രം വോഡഫോണിന് ലഭിച്ചേക്കും. അദാനി നെറ്റ്‍വർക്സ് പാൻ ഇന്ത്യ തലത്തിലുള്ള 26 ജിഗാഹെട്സ് സ്പെക്ട്രം തിരഞ്ഞെടുത്തേക്കുമെന്നും സൂചനയുണ്ട്. 20 സർക്കിളുകളിലായി (ഡൽഹി, കൊൽക്കത്ത ഒഴികെ) 26 ജിഗാഹെട്സ് സ്പെക്ട്രമാണ് അദാനി സ്വന്തമാക്കുക. 3350 മെഗാഹെട്സ് സ്പെക്ട്രത്തിനായി ആകെ 900 കോടിയാണ് അദാനി ഇതുവരെ ചെലവിട്ടത്.

Post a Comment

Previous Post Next Post