സ്വർണം വാങ്ങിയത് 75000 രൂപയ്ക്ക്; യുവതി മുങ്ങിയത് 2 ലക്ഷം രൂപയുടെ സ്വർണവും കൊണ്ട് GOLD ROBBERY




മൂന്നാർ: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവതി 2 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങി. മൂന്നാറിലെ ജിഎച്ച് റോഡിലുള്ള ആഭണശാലയിൽ തിങ്കളാഴ്ച്ച രാവിലെ 10.20 ഓടെയായിരുന്നു സംഭവം. കോയമ്പത്തൂർ സ്വദേശിയാണെന്നും പേര് രേശ്മയെന്നും പരിചയപ്പെടുത്തിയാണ് യുവതി ജ്വല്ലറിയിൽ എത്തിയത്. മലേഷ്യയിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞു. 3 ജോടി കമ്മലും ഒരു ബ്രേസ്‌ലെറ്റും ഒരു ലോക്കറ്റും വാങ്ങിയ യുവതി ഇതിന്റെ വിലയായ 77,500 രൂപ നൽകുകയും ചെയ്തു.

ഇതിനു ശേഷമായിരുന്നു മോഷണം. 36 ഗ്രാമിന്റെ രണ്ട് മാലകൾ എടുത്ത് പരിശോധിച്ച യുവതി വില ചോദിച്ചതിനു ശേഷം വൈകിട്ട് എത്തി മാല വാങ്ങാമെന്ന് അറിയിച്ചു. ഭർത്താവും മക്കളും ഹോട്ടലിലാണെന്നും അവർക്കൊപ്പം വന്ന് ബാക്കി തുക നൽകാമെന്ന് പറഞ്ഞ് അഡ്വാൻസായി 9000 രൂപയും നൽകി. ഇതിനു ശേഷം കടയിൽ നിന്ന് പോയെങ്കിലും വൈകിട്ട് തിരിച്ചെത്തിയില്ല.


രാത്രി ജ്വല്ലറി അടക്കുന്നതിന് മുമ്പ് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 38 ഗ്രാം തൂക്കമുള്ള രണ്ട് മാലകൾ കാണാനില്ലെന്ന് ജീവനക്കാർക്ക് മനസ്സിലായത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് രാവിലെ വന്ന യുവതി മാല ബാഗിൽ വെക്കുന്നതായി കണ്ടത്. കടയുടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

പത്തുവയസുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങൾ കവർന്നു; സംഭവം സ്കൂൾ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ


പത്തുവയസുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങൾ കവർന്നു. ഇടുക്കി കട്ടപ്പന മേരികുളത്താണ് സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂൾ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നിതനിടെയാണ് സംഭവം. പിന്നാലെയെത്തി ആരോ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. കുട്ടിയുടെ സ്വർണക്കമ്മലും വെള്ളിക്കൊലുസുമാണ് കവർന്നത്.


ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണു സംഭവം. പെൺകുട്ടി ചപ്പാത്തിനു സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയശേഷം അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്കു നടന്നു പോകുകയായിരുന്നു. ഈ സമയത്താണ് കുട്ടിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീടിന് 300 മീറ്റർ അകലെയായിരുന്നു ആക്രമണം.


കുട്ടിയെ കാണാതെ വന്നതോടെ പിതൃമാതാവ് അന്വേഷിച്ച് എത്തിയപ്പോൾ റോഡിൽ ചെരിപ്പും സ്കൂൾ ബാഗും കണ്ടു. തുടർന്നാണ് തേയിലച്ചെടികൾക്കിടയിൽ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിച്ച് കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.‌ സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.


Post a Comment

Previous Post Next Post