നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍; അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ dileep case



ന്യൂഡല്‍ഹി: 
നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.

മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍ പരവുമായ ശത്രുത ഉണ്ടെന്നും തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.

തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്ക് എതിരെ മാത്രമല്ല, തന്റെ അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്ക് എതിരെയും മാധ്യമ വിചാരണ നടക്കുന്നു. തുടര്‍ അന്വേഷണത്തിന്റെ സമയത്ത് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകള്‍ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. വിചാരണ കോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകര്‍ക്ക് എതിരെയും അതിജീവിത ഹര്‍ജികള്‍ ഫയല്‍ ചെയ്തതതായും ദിലീപ് ആരോപിക്കുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് അതിജീവിത നല്‍കിയ അഭിമുഖത്തെയും ദിലീപ് വിമര്‍ശിക്കുന്നുണ്ട്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ എങ്ങനെ അഭിമുഖം നല്‍കാനാകും. അതിജീവിതയ്ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ എത്തി വാദിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി നിയമിച്ചതായും അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആകും ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക എന്നാണ് സൂചന.

Post a Comment

Previous Post Next Post