ജപ്പാൻ: ജീവനക്കാരുടെ നീണ്ട നേരത്തെ ജോലി സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഓഫീസുകളില്‍ നാപ് ബോക്‌സുകള്‍ (nap boxes) അവതരിപ്പിച്ച് ജാപ്പനീസ് കമ്പനി (Japanese company) . ജീവനക്കാര്‍ക്ക് നിന്നുകൊണ്ട് ഉറങ്ങാന്‍ (sleep) സഹായിക്കുന്നവയാണ് ഇത്തരം നാപ് ബോക്‌സുകള്‍. കാമിന്‍ ബോക്‌സുകള്‍ (kamin boxes) എന്നും ഇത് അറിയപ്പെടുന്നു. കൊയോജു പ്ലൈവുഡ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് ടോക്കിയോ ആസ്ഥാനമായുള്ള ഓഫീസ് ഫര്‍ണിച്ചര്‍ വിതരണക്കാരായ ഇറ്റോക്കിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഷിഫ്റ്റ് സമയങ്ങളില്‍ അൽപ്പസമയം ഉറങ്ങാന്‍ ഈ നാപ് ബോക്‌സുകള്‍ സൗകര്യമൊരുക്കും.
ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താവ് പോഡില്‍ നിവര്‍ന്നുനിന്നുകൊണ്ടാണ് ഉറങ്ങേണ്ടത്. തല, കാല്‍മുട്ടുകള്‍, പുറം എന്നീ ശരീരഭാഗങ്ങളെയെല്ലാം സുഖകരമായി സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് ബോക്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
''ജോലി സമ്മര്‍ദ്ദം ഇല്ലാതാക്കാനും ആശ്വാസം ലഭിക്കാനുമായി തൊഴിലാളികള്‍ പലപ്പോഴും ബാത്ത്‌റൂമില്‍ കയറി ഇരിക്കാറുണ്ട്. ഇത് അത്ര ആരോഗ്യകരമല്ലെന്ന് ഇറ്റോക്കി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സെയ്‌ക്കോ കവാഷിമ ബ്ലൂംബെര്‍ഗ് ന്യൂസിനോട് പറഞ്ഞു. സുഖപ്രദമായ സ്ഥലത്ത് ഉറങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ധാരാളം ജപ്പാന്‍കാര്‍ ഇടവേളകളില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കുന്നതിനായി കമ്പനികള്‍ക്ക് ഇത് ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജോലിക്കിടയില്‍ വിശ്രമം നല്‍കുന്നത് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതായി ചില ഗവേഷണങ്ങള്‍ പറയുന്നു. മാത്രമല്ല, ജീവനക്കാരുടെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. എന്തായാലും, ഈ സ്ലീപ്പിംഗ് ബോക്‌സുകള്‍ ജപ്പാനിലെ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസം നല്‍കും. സിഎന്‍ബിസിയുടെ ഒരു മുന്‍കാല റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ജോലി സമയം ഉള്ളത് ജപ്പാനിലാണ്.
ജീവനക്കാര്‍ക്ക് ശമ്പളമായി സ്വര്‍ണം നല്‍കാന്‍ തീരുമാനിച്ച ഇംഗ്ലണ്ടിലെ ഒരു കമ്പനിയും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഏറ്റവും മികച്ചൊരു രീതിയാണ് ഈ മാര്‍ഗമെന്നാണ് കമ്പനി പറയുന്നത്. റ്റാലി മണി എന്ന കമ്പനിയാണ് നൂതന ആശയം നടപ്പിലാക്കിയത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പണപ്പെരുപ്പം ഉയര്‍ന്നു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇത് എന്തു കൊണ്ടും മികച്ച രീതിയാണെന്ന് കമ്പനി സിഇഒ കാമറൂണ്‍ പാരി പറഞ്ഞിരുന്നു. ജീവിതച്ചെലവു തന്നെ കണ്ടെത്താനാകാത്ത നിലവിലെ സാഹചര്യത്തില്‍ യുകെ കറന്‍സിയായ പൗണ്ടില്‍ ശമ്പള വര്‍ദ്ധനവ് നല്‍കുന്നതു കൊണ്ട് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
20 ജീവനക്കാരാണ് നിലവില്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്. പുതിയ സ്‌കീമിന്റെ പരീക്ഷണ ഘട്ടത്തില്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നീട് മുഴുവന്‍ ജീവനക്കാര്‍ക്കുമായി ഈ നയം വിപുലീകരിക്കാനാണ് നീക്കം. സ്വര്‍ണ്ണത്തില്‍ ശമ്പളം വാങ്ങണോ അതോ പണമായിത്തന്നെ വാങ്ങണോ എന്നത് ജീവനക്കാര്‍ക്ക് തീരുമാനിക്കാം. സ്വര്‍ണ്ണത്തില്‍ ശമ്പളം നല്‍കുക എന്നാല്‍ ലോഹക്കഷണങ്ങള്‍ നല്‍കുന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്. പകരം, നിലവിലെ സ്വര്‍ണ്ണം-പൗണ്ട് നിരക്ക് അടിസ്ഥാനമാക്കി അവര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയും.
Post a Comment