നീറ്റ് പരീക്ഷയിലെ ദുരനുഭവത്തെ പങ്കുവെച്ച് വിദ്യാർത്ഥിനി; മുടി കൊണ്ട് വസ്ത്രം മറച്ചാണ് പരീക്ഷാ എഴുതിയത് NEET EXAM



നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അനുഭവം പങ്കുവെച്ച് വിദ്യാർത്ഥിനി. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പെൺകുട്ടികളോട് ബ്രാ അഴിക്കാൻ ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാനിരുന്ന മൂന്ന് മണിക്കൂർ കടുത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും വിദ്യാർത്ഥിനി പറയുന്നു.

"പരീക്ഷയെഴുതുമ്പോൾ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയത്. ആൺകുട്ടികൾക്കൊപ്പമാണ് പരീക്ഷ എഴുതിയത്. ഷാൾ ധരിക്കാൻ അനുവാദമില്ലാത്തതിനാൽ എഴുതിക്കൊണ്ടിരുന്ന സമയത്തെല്ലാം മുടികൊണ്ട് വസ്ത്രം മറച്ചു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ശരിക്കും വേദനിപ്പിക്കുന്ന അനുഭവമായിരുന്നു ഇത്."

"പരീക്ഷാ ഹാളിലേക്ക് കടക്കുന്നതിന് മുമ്പ് സ്കാനിങ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അതിന് രണ്ട് ക്യൂ ആയിരുന്നു ഉണ്ടായിരുന്നത്. ബ്രായിൽ ഹുക്ക് ഉണ്ടോ എന്ന ചോദ്യത്തിന് അതേയെന്ന് പറഞ്ഞതോടെ ഒരു ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടു. ഈ സമയത്ത് പെൺകുട്ടികൾ ഒരു മുറിയിലേക്ക് പോകുന്നത് കണ്ടിരുന്നു. ആ മുറിയിലേക്ക് പോയി അടിവസ്ത്രം ഊരാൻ അവർ ആവശ്യപ്പെട്ടു. ആ മുറിയിൽ കടന്നപ്പോൾ നിലത്ത് അടിവസ്ത്രങ്ങൾ കൂട്ടിയിട്ട നിലയിലായിരുന്നു. തിരിച്ചു പോകുമ്പോൾ സ്വന്തം അടിവസ്ത്രം കിട്ടുമോ എന്നു പോലും ഞങ്ങൾ പേടിച്ചു."

"മുറിയിലേക്ക് കടന്നപ്പോൾ ഇരുട്ടായിരുന്നു. തീരെ സ്ഥലമില്ലാത്ത ഇടുങ്ങിയ മുറിയായിരുന്നു അത്. പേടിപ്പിക്കുന്ന അനുഭവമായിരുന്നു അത്. പരീക്ഷ എഴുതുമ്പോൾ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. മുടി കൊണ്ട് വസ്ത്രം മറച്ചിരിക്കുകയായിരുന്നു ഞങ്ങൾ".


"അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ വനിതാ ജീവനക്കാർക്കൊപ്പം പുരുഷനും ഉണ്ടായിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു. പരീക്ഷ കഴിഞ്ഞ് എത്തിയപ്പോൾ ഭാഗ്യം കൊണ്ടാണ് സ്വന്തം അടിവസ്ത്രം തന്നെ കിട്ടിയത്. ഒരു പെൺകുട്ടി കരയുന്നതും കണ്ടിരുന്നു. കുട്ടികൾ കൂടി നിൽക്കുകയായിരുന്നു അവർ. ആ പെൺകുട്ടി എന്തിനാണ് കരയുന്നതെന്ന് അവിടെയുള്ള വനിതാ ജീവനക്കാരി ചോദിച്ചു. ഇതിനുശേഷം മുതിർന്ന ഉദ്യോഗസ്ഥൻ എത്തി ആ കുട്ടി കരയുന്നത് എന്തിനാണെന്ന് ചോദിച്ചു. ഈ നടപടിയെല്ലാം ഇതിന്റെ ഭാഗമാണെന്നായിരുന്നു അയാൾ പറഞ്ഞത്. ഏറ്റവും പേടിപ്പിച്ച കാര്യം തിരിച്ചു പോകുമ്പോൾ അടിവസ്ത്രം കയ്യിൽ പിടിച്ചു പോകാൻ അവർ ആവശ്യപ്പെട്ടു എന്നതാണ്. വല്ലാതെ വിഷമിച്ചു പോയി. പക്ഷേ, എങ്ങനെയൊക്കെയോ ആ മുറിയിൽ നിന്നു തന്നെ ധരിക്കാൻ ഞങ്ങൾക്കായി. അതിനാൽ കയ്യിൽ പിടിച്ചു പോകേണ്ടി വന്നില്ല."


Post a Comment

Previous Post Next Post