കാത്തുകാത്തിരുന്ന നതിങ് ഫോൺ (1) Nothing Phone (1) മോഡൽ ഇന്ത്യയിലും അവതരിപ്പിച്ചു. വൺപ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാൾ തുടങ്ങിയ കമ്പനിയുടെ ആദ്യ ഫോൺ, വ്യത്യസ്തമായ ഡിസൈൻ തുടങ്ങിയവ അടക്കം കേട്ട പല കാര്യങ്ങളും ഈ ഫോണിനെക്കുറിച്ച് ജിജ്ഞാസ വളർത്തുകയും ചെയ്തിരുന്നു. പറഞ്ഞു കേട്ടതു പോലെ ഫോൺ പ്രവർത്തിക്കുന്നത് സ്നാപ്ഡ്രാഗൺ 778ജി പ്ലസ് പ്രോസസറിലാണ്. ഇരട്ട 50 എംപി ക്യാമറകളും ഉണ്ട്. രണ്ടു നിറങ്ങളിലാണ് ഫോൺ ഇറക്കിയിരിക്കുന്നത് - കറുപ്പും വെളുപ്പും. ഇവയുടെ പിന്നിൽ ഗ്ലിഫ് എന്ന് വിളിക്കുന്ന എൽഇഡി ലൈറ്റ് ശ്രേണിയുണ്ട്. ഇതാണ് മറ്റു ഫോണുകളിൽ നിന്ന് നതിങ് ഫോണിനെ വേറിട്ടതാക്കുന്ന പ്രധാന ഘടകം.
ഇരട്ട സ്റ്റീരിയോ സ്പീക്കർ, ഡിസ്പ്ലേയിൽ തന്നെ പിടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനർ, ഐപി53 വാട്ടർ റെസിസ്റ്റൻസ് എൻഎഫ്സി സപ്പോർട്ട് തുടങ്ങി പല ഫീച്ചറുകളും ഉണ്ട്. അതേസമയം, ഫോണിന്റെ പിന്നിലുള്ള ഒന്നിലേറെ വൈറ്റ് എൽഇഡി സ്ട്രിപ്പുകളാണ് ഫോണിനെ വേറിട്ടതാക്കുന്നത്. നോട്ടിഫിക്കേഷനുകൾക്കായി ഇവ ഒറ്റയ്ക്കോ കൂട്ടായോ പ്രവർത്തിപ്പിക്കാം.
സ്ക്രീൻ
ഫോണിന് 6.55-ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ഡി പ്ലസ് 10 ബിറ്റ് ഓലെഡ് ഡിസ്പ്ലേ പാനലാണ് ഉള്ളത്. ഇതിന് ഗൊറിലാ ഗ്ലാസ് സംരക്ഷണവും ഉണ്ട്. പിക്സൽ നിബിഡത 402 പിപിഐ ആണ്. ബ്രൈറ്റ്നസ് പരമാവധി 1200 നിറ്റ്സ് വരെ കിട്ടും. കൂടാതെ, 120ഹെട്സ് റിഫ്രഷ് അനുപാതവും 240 ടച് സാംപ്ളിങ് അനുപാതവും ഉണ്ട്.
ഇരട്ട ക്യാമറകൾ
സോണിയുടെ 50 എംപി സെൻസറാണ് (ഐഎംഎക്സ്766) ആണ് പ്രധാന ക്യാമറ. ഇതിന് ഒപ്ടിക്കൽ ഇമേജ് സറ്റബിലൈസേഷനും ഇലക്ട്രോണിക് ഇമേജ് സ്റ്റാബിലൈസേഷനും ഉണ്ട്. ഒപ്പമുള്ള അൾട്രാവൈഡ് ക്യാമറയ്ക്കും 50 എംപി റെസലൂഷനാണ് ഉള്ളത്. ഇതിന് പ്രയോജനപ്പെടുത്തിയിരിക്കുന്നത് സാംസങ്ങിന്റെ ജെഎൻ1 50എംപി സെൻസറാണ്. ഇതിന് ഇലക്ട്രോണിക് ഇമേജ്
സ്റ്റാബിലൈസേഷൻ മാത്രമാണ് ഉള്ളത്. സെൽഫി ക്യാമറയ്ക്ക് 16 എംപി സോണി സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. ക്യാമറാ ഫീച്ചറുകൾ എച്ഡിആർ, പോർട്രെയ്റ്റ് മോഡ്, മാക്രോ മോഡ് (അൾട്രാവൈഡ്), ബോ-കെ തുടങ്ങിയവയൊക്കെയാണ്. വിഡിയോ റെക്കോഡിങ്ങിൽ 4കെ 30പിയും 1080പി 60പിയും ആണ്. മുൻ ക്യാമറക്ക് 1080പി മാത്രമെ റെക്കോഡ് ചെയ്യാനാകൂ.
ഹാർഡ്വെയർ ഫീച്ചറുകൾ
12 ജിബി വരെ റാം ലഭിക്കും. ഇതിന് എപിഡിഡിആർ5 മൊഡ്യൂളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റോറേജിനായി യുഎഫ്എസ് 3.1 256 ജിബി വരെ നൽകുന്നു. 4,500 എംഎഎച് ആണ് ബാറ്ററി. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് 33w ആണ്. വയർലെസ് ചാർജിങ് സപ്പോർട്ടും ഉണ്ട്. പക്ഷേ ഫോണിനൊപ്പം ചാർജർ നൽകുന്നില്ലെന്നുള്ളത് തുടക്കത്തിലെ ഉള്ള ഒരു കല്ലുകടി ആയിരിക്കാം.
ഫെയ്സ് അൺലോക് ഉണ്ട്. സപ്പോർട്ടു ചെയ്യുന്ന 5ജി ബാൻഡുകളുടെ എണ്ണം 12 ആണ്. ബ്ലൂടൂത്ത് 5.2, വൈഫൈ 6 തുടങ്ങിയവയും മൂന്ന് മൈക്രോഫോണുകളും ആൻഡ്രോയിഡ് 12 കേന്ദ്രീകൃതമായ നതിങ് ഒഎസും ഉള്ള ഹാൻഡ്സെറ്റാണിത്.
വില, വിൽപന
നതിങ് ഫോൺ (1) മോഡലിന്റെ 8ജിബി/128ജിബി വേരിയന്റിന് വിലയിട്ടിരിക്കുന്നത് 29,999 രൂപയാണ്. കൂടാതെ, 8ജിബി/256ജിബി വേർഷന് 32,999 രൂപ, 12ജിബി/256ജിബി വേരിയന്റിന് 35,999 രൂപ എന്നിങ്ങനെയാണ്. കൂടാതെ, എച്ഡിഎഫ്സി ബാങ്ക് ഓഫറും ഉണ്ട്. ഫ്ളിപ്കാർട്ട് വഴി വാങ്ങാം.
വിഡിയോ കാണാം ⇓⇓⇓
Post a Comment