തിരുവനന്തപുരം:
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെടി ജലീലിനെതിരെ പ്രതിഷേധസമരം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. മന്ത്രിയുടെ രാജിവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്, ബിജെപി നേതാക്കൾ വ്യക്തമാക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസിന്റേയും കെ.എസ്.യുവിന്റേയും നേതൃത്വത്തിൽപ്രതിഷേധ മാർച്ച് നടക്കും. യുവമോർച്ചയുടെ നേതൃത്വത്തിലും സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന യുവമോർച്ച മാർച്ചിൽ പോലീസ് പ്രവർത്തകർക്കെതിരെ ലാത്തി വീശിയിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് കരിദിനം ആചരിക്കും. കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിലെ എല്ലാ ജില്ലകളിലും സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. മന്ത്രി ജലീലിനെ വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി ജലീലിന്റെ മലപ്പുറത്തെ വീടിന്റെ മുന്നിലും പ്രതിഷേധം നടന്നിരുന്നു.
Post a Comment